കാലം കടന്നു പോകുന്നത് പലതിലും മാറ്റം വരുത്തും, എന്നാൽ മെസി കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്ന് എറ്റൂ


വർഷങ്ങൾ കടന്നു പോകുന്നത് ഓരോ താരങ്ങളുടെയും ഫോമിൽ കുറവു വരുത്തുമെന്നും എന്നാൽ ലയണൽ മെസിയെ സംബന്ധിച്ച് അതു നേരെ തിരിച്ചാണെന്നും സാമുവൽ എറ്റൂ. 2004 മുതൽ 2009 വരെ ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ച് മൂന്നു ലാ ലിഗയും രണ്ടു ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള തന്റെ മുൻ സഹതാരത്തെപ്പറ്റി സംസാരിക്കുകയായിരുന്നു കാമറൂൺ ഇതിഹാസം.
"മെസി എല്ലായിപ്പോഴും ശാന്തനായിരിക്കുന്ന ആളാണ്, എന്നാൽ തന്റെ വ്യക്തിത്വം എല്ലായിപ്പോഴും താരം പ്രകടിപ്പിക്കും. കാലം കടന്നു പോകുന്നത് എല്ലാവരിലും മാറ്റമുണ്ടാക്കും, എന്നാൽ അതു മെസിയെ കൂടുതൽ മെച്ചപ്പെടുത്തുകയാണു ചെയ്യുക. അവനെ എനിക്കിഷ്ടമാണ്, അതുപോലെ മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ഈ കാരണം കൊണ്ടു തന്നെ മെസി ചരിത്രത്തിലെ മികച്ച താരമാണ്."
"ഇപ്പോൾ താരം പുതിയ ക്ലബായ പിഎസ്ജിയുമായി ഇണങ്ങിച്ചേരാൻ ശ്രമിക്കുകയാണ്, അതു നന്നായി ചെയ്യുന്നുമുണ്ട്. ലിയോ റഫറിയോടു പരാതി പറയുന്നത് ഞാൻ അടുത്തിടെ കണ്ടിരുന്നു, പെറുവിനെതിരെ ആയിരുന്നു അതെന്നു തോന്നുന്നു. അധികം സംസാരിക്കാത്ത, പരാതികൾ പറയാത്ത പയ്യനാണ് മെസി. പരാതി പറയണമെങ്കിൽ ഗൗരവമുള്ള എന്തെങ്കിലും സംഭവിച്ചിരിക്കും."
"എന്നെ സംബന്ധിച്ച് ലിയോ അനുജനെപ്പോലെയാണ്. താരം വളർന്നു വരുന്നതു ഞാൻ കണ്ടു, അവനെ വളരെയധികം ഞാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ ഒരു ഫുട്ബോൾ താരമെന്ന നിലയിൽ ചോദിച്ചാൽ, ലിയോ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്ന എന്റെ അഭിപ്രായം ഞാൻ എല്ലായിപ്പോഴും പറയും," എറ്റൂ പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.