ബാഴ്‌സലോണയിൽ ഏറ്റവുമധികം വേതനം വാങ്ങുന്ന താരങ്ങൾ, ഒന്നാം സ്ഥാനത്തുള്ളത് ജെറാർഡ് പിക്വ

Atletico Madrid v FC Barcelona - La Liga Santander
Atletico Madrid v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും ലോകഫുട്ബോളിൽ ഏറ്റവുമധികം ശമ്പളം നൽകുന്ന ക്ലബുകളിൽ ഒന്നു തന്നെയാണ് ബാഴ്‌സലോണയിപ്പോഴും. കഴിഞ്ഞ ദിവസം നടന്ന ഒൻസെ ടിവി ഷോയിൽ മാധ്യമപ്രവർത്തകനായ ലൂയിസ് കാനുട്ട് ബാഴ്‌സലോണ താരങ്ങൾക്ക് പ്രതിവർഷം ലഭിക്കുന്ന വേതനത്തിന്റെ കണക്കുകൾ വെളിപ്പെടുത്തുകയുണ്ടായി.

ലയണൽ മെസി, ലൂയിസ് സുവാരസ്, അന്റോയിൻ ഗ്രീസ്‌മൻ എന്നിവർ ക്ലബ് വിട്ടതോടെ ബാഴ്‌സലോണയിൽ ഏറ്റവുമധികം വേതനം വാങ്ങുന്ന കളിക്കാരൻ പ്രതിരോധതാരമായ ജെറാർഡ് പിക്വയാണ്. പ്രതിഫലം വെട്ടിക്കുറക്കാൻ അംഗീകരിക്കുന്നതിനു മുൻപ് 28 മില്യൺ യൂറോയാണ് പിക്വക്ക് പ്രതിവർഷം വേതനമായി ലഭിച്ചിരുന്നത്.

എന്നാൽ ഈ സമ്മറിൽ വേജ് കട്ട് അംഗീകരിച്ച പിക്വ ലോയൽറ്റി ബോണസ് അടക്കമുള്ള തുക നേടിയിട്ടുണ്ടെന്ന് കാനുട്ട് വെളിപ്പെടുത്തുന്നു. അംഗീകരിച്ച കോണ്ട്രാക്റ്റ് മുഴുവനായും പൂർത്തിയാക്കിയാലാണ് താരങ്ങൾക്ക് ലോയൽറ്റി ബോണസ് നൽകുന്നത്. ജെറാർഡ് പിക്വ കഴിഞ്ഞാൽ 23 മില്യൺ യൂറോ പ്രതിവർഷം ലഭിക്കുന്ന ബുസ്‌ക്വറ്റ്‌സാണ് ബാഴ്‌സലോണയിൽ വേതനക്കാര്യത്തിലെ രണ്ടാമൻ.

20 മില്യൺ യൂറോ പ്രതിവർഷം ലഭിക്കുന്ന ജോർദി ആൽബ, അതേ വേതനം ലഭിക്കുന്ന സാമുവൽ ഉംറ്റിറ്റി, 16 മില്യൺ യൂറോ ലഭിക്കുന്ന ഫിലിപ്പെ കുട്ടീന്യോ, 14 മില്യൺ യൂറോ നേടുന്ന മാർക് ആന്ദ്രേ ടെർ സ്റ്റീഗൻ, 12 മില്യൺ യൂറോ പ്രതിവർഷം ലഭിക്കുന്ന താരങ്ങളായ സെർജി റോബർട്ടോ, ഒസ്മാനെ ഡെംബലെ എന്നിവരാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ പിക്വക്കും ബുസ്‌ക്വറ്റ്‌സിനും പിന്നിലുള്ളത്.

അതേസമയം മുൻ നായകനായിരുന്ന ലയണൽ മെസിക്ക് ബാഴ്‌സലോണ നൽകിയിരുന്ന വേതനം 135 മില്യൺ യൂറോയാണ്. അന്റോയിൻ ഗ്രീസ്‌മൻ പ്രതിവർഷം 21 മില്യൺ യൂറോയും ബാഴ്‌സയിൽ നിന്നും നേടിയിരുന്നു. അതേസമയം ഈ താരങ്ങളുടെ ഉയർന്ന വേതനം ബാഴ്‌സലോണ മുഴുവനായും നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.