"ചില കണക്കുകൾ തീർക്കാനുണ്ട്"- റയൽ മാഡ്രിഡിന്റെ വിജയത്തിൽ പ്രതികരിച്ച് സലാ


2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മൊഹമ്മദ് സലാക്ക് ഉണങ്ങാത്ത മുറിവു തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇറങ്ങിയ താരത്തിന് കളി അര മണിക്കൂർ പിന്നിടുമ്പോൾ തന്നെ റാമോസിന്റെ ഫൗളിന് വിധേയനായി പുറത്തുപോകേണ്ടി വന്നു. ആ സീസണിൽ തകർപ്പൻ ഫോമിൽ കളിച്ചിരുന്ന സലായുടെ അഭാവത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ കിരീടം നേടുകയും ചെയ്തു.
നാല് വർഷങ്ങൾക്കിപ്പുറം മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടാനായി ഒരുങ്ങുകയാണ്. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി ഫൈനലിൽ എത്തിയപ്പോൾ ലിവർപൂൾ വിയ്യാറയലിനെ തോൽപ്പിച്ചാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. 2018ന്റെ ആവർത്തനമായ ഫൈനലിനു വേണ്ടി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നതും.
2018 ഫൈനലിൽ തനിക്ക് കരഞ്ഞു കൊണ്ട് പുറത്തു പോകേണ്ടി വന്ന ഫൗളിന് കാരണക്കാരനായ സെർജിയോ റാമോസ് ഇന്ന് റയൽ മാഡ്രിഡിനൊപ്പമില്ലെങ്കിലും സലായുടെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിന് യോഗ്യത നേടിയപ്പോൾ "ഞങ്ങൾക്ക് ചില കണക്കുകൾ തീർക്കാനുണ്ട്" എന്നാണു സലാ ട്വിറ്ററിൽ കുറിച്ചത്.
We have a score to settle. pic.twitter.com/MWxfhIIW78
— Mohamed Salah (@MoSalah) May 4, 2022
സലായുടെ വാക്കുകൾ റയൽ മാഡ്രിഡിനോടുള്ള വെല്ലുവിളി ആണെന്നതിൽ യാതൊരു സംശയവുമില്ല. 2018ൽ സംഭവിച്ചതിനു പ്രതികാരം ചെയ്യാൻ സലാക്ക് ആഗ്രഹമുണ്ടെന്ന് വിയ്യാറയലുമായി നടന്ന ചാമ്പ്യൻസ് ലീഗ് സെമിക്കു ശേഷം റയൽ മാഡ്രിഡിനെ ഫൈനലിൽ നേരിടാനാണ് ആഗ്രഹമെന്നു താരം പറഞ്ഞതിൽ നിന്നും വ്യക്തമാണ്.
നിലവിൽ രണ്ടു ടീമുകളുടെയും ഫോം പരിഗണിക്കുമ്പോൾ ഫൈനൽ പോരാട്ടത്തിൽ തുല്യ സാധ്യതയാണുള്ളത്. പ്രധാന താരങ്ങൾക്ക് പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലെങ്കിൽ ഇഞ്ചോടിഞ്ച് മുന്നേറുന്ന പോരാട്ടം തന്നെയാകും ഫൈനലിൽ കാണാൻ കഴിയുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.