നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം സലാ, ക്ളോപ്പ് പറഞ്ഞത് അംഗീകരിക്കുന്നുവെന്ന് ഗ്രെയിം സൗനസ്

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Alex Livesey - Danehouse/GettyImages
facebooktwitterreddit

ഈ സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച താരം മൊഹമ്മദ് സലായാണെന്ന ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പിന്റെ പരാമർശം താൻ അംഗീകരിക്കുന്നുവെന്ന് ലിവർപൂളിന്റെ ഇതിഹാസതാരവും മുൻ നായകനുമായ ഗ്രെയിം സൗനസ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഹാട്രിക്കോടെ തിളങ്ങിയ സലാ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കെയാണ് സൗനസ് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

"ഈ സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച താരം മൊഹമ്മദ് സലായാണെന്ന യർഗൻ ക്ളോപ്പിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു." ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസിൽ എഴുതുന്ന കോളത്തിൽ ലിവർപൂളിനോപ്പം അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു യൂറോപ്യൻ കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള സൗനസ് കുറിച്ചു.

ഈ സീസണിലിതു വരെ ഒൻപതു പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ സലാ പത്തു ഗോളും അഞ്ച് അസിസ്റ്റുമാണ് ലിവർപൂളിനു വേണ്ടി നേടിയിരിക്കുന്നത്. ഇതിനു പുറമെ മൂന്നു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് എഫ്എ കപ്പ് മത്സരത്തിൽ നിന്നും മൂന്നു ഗോളുകളും നേടിയിട്ടുള്ള താരം ഈ സീസണിൽ ലിവർപൂളിന്റെ അപരാജിത കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യമാണ്.

അതേസമയം എല്ലാ വമ്പൻ താരങ്ങൾക്കുമുള്ളതു പോലെ സ്വാർത്ഥമായ മനോഭാവം സലാക്കുമുണ്ടെന്ന അഭിപ്രായവും സൗനസ് പ്രകടിപ്പിച്ചു. വ്യക്തിഗത നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന താരം കൂടുതൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതു കൊണ്ട് ടീമിലെ മാനെ അടക്കമുള്ള കളിക്കാർക്ക് സലായോട് അതൃപ്‌തിയുണ്ടെന്നു പറഞ്ഞ സൗനസ് താൻ കണ്ടതിൽ വെച്ചേറ്റവും അത്യാഗ്രഹിയായ താരമാണ് സലായെന്നും കൂട്ടിച്ചേർത്തു.

സലായുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളെ കുറിച്ചും സൗനസ് പ്രതികരിച്ചു. തങ്ങൾക്ക് കഴിയുന്നത്രയും ശമ്പളം സലാക്ക് നൽകാൻ ലിവർപൂളിനും ക്ലബിനൊപ്പം തുടരാൻ താരത്തിനും താൽപര്യമുണ്ട് എന്നതിനാൽ കരാർ പുതുക്കുമെന്ന വിശ്വാസമുണ്ടെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.

facebooktwitterreddit