ദൗർഭാഗ്യം വിട്ടൊഴിയുന്നില്ല, ചാമ്പ്യൻസ് ലീഗ് ഫൈനലിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പരിക്കേറ്റു വീണ് സലാ


സലായെയും ലിവർപൂളിനെയും ദൗർഭാഗ്യം വിട്ടൊഴിയുന്നില്ല. റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിന് രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ ചെൽസിയുമായി നടന്ന എഫ്എ കപ്പ് ഫൈനൽ മത്സരത്തിൽ പരിക്കേറ്റു വീണ് ലിവർപൂൾ സൂപ്പർതാരം. മത്സരം അര മണിക്കൂർ മാത്രം പിന്നിട്ടപ്പോൾ പരിക്കു മൂലം മൈതാനത്തു വീണ സലാക്കു പകരക്കാരനായി ഡീഗോ ജൊട്ട ഇറങ്ങുകയും ചെയ്തു.
ലിവർപൂളിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ് എന്നിരിക്കെ ടീമിന്റെ പ്രധാന താരവും ടോപ് സ്കോററുമായ സലാക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയാണ്. താരത്തിന് എവിടെയാണ് പരിക്കു പറ്റിയിരിക്കുന്നതെന്നും പരിക്കിന്റെ സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നും വ്യക്തമല്ല. താരത്തിന് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകരിപ്പോൾ.
Mo Salah comes off for Liverpool with an apparent injury ? pic.twitter.com/FbxOGlg0BS
— ESPN FC (@ESPNFC) May 14, 2022
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി മൂന്നു പോയിന്റ് മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂളിന് സൗത്താംപ്ടൺ, വോൾവ്സ് എന്നിവരുമായി ഇനി നടക്കാനിരിക്കുന്ന രണ്ടു മത്സരവും നിർണായകമാണ്. ഇതിനു പുറമെ റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലും അടുത്തെത്തിയ സമയത്താണ് സലായുടെ കാര്യത്തിൽ ആശങ്കയുയരുന്നത്.
2018ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന്റെ ഫൗളിൽ പരിക്കേറ്റ സലാക്ക് മത്സരം നഷ്ടമാവുകയും ലിവർപൂൾ തോൽക്കുകയും ചെയ്തിരുന്നു. അതിനു പകരം ചോദിക്കാനുള്ള അവസരമായി ഈ വർഷത്തെ ഫൈനലിനെ കണ്ടിരുന്ന താരത്തെ മത്സരത്തിന് ദിവസങ്ങൾ ശേഷിക്കെ പരിക്ക് ആക്രമിച്ചത് വലിയ നിരാശ തന്നെയാണ്.
സ്ഥിരീകരിക്കപ്പെടാത്ത പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഗ്രോയിൻ ഇഞ്ചുറിയാണ് സലാ കളിക്കളം വിടാൻ കാരണമായത്. പരിക്കിന്റെ സ്ഥിതി എത്രത്തോളം ഉണ്ടെന്ന് അറിഞ്ഞതിനു ശേഷമാകും താരം ഇനിയുള്ള മത്സരങ്ങളിൽ കളിക്കുമോ എന്നറിയാൻ കഴിയൂ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.