Football in Malayalam

ബാലൺ ഡി ഓർ വോട്ടിങ് ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു, ഗൂഡാലോചന നടന്നുവെന്നു കരുതുന്നില്ലെന്ന് സലാ

Sreejith N
Chelsea v Liverpool - Carabao Cup Final
Chelsea v Liverpool - Carabao Cup Final / Robin Jones/GettyImages
facebooktwitterreddit

2021ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടി നടന്ന വോട്ടെടുപ്പിലെ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് സമ്മതിച്ച് സലാ. കഴിഞ്ഞ സീസണിൽ മികച്ച ഫോമിൽ കളിച്ചിട്ടും ബാലൺ ഡി ഓർ വോട്ടിങ് കഴിഞ്ഞപ്പോൾ സലാക്ക് ഏഴാം സ്ഥാനമാണ് ലഭിച്ചത്. ഇതിനു പുറമെ ഫിഫ വേൾഡ് ഇലവനിലും താരത്തിന് ഇടമുണ്ടായിരുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച് ഗൂഡാലോചന നടന്നു എന്ന വാദത്തെ സലാ ശരിവെച്ചില്ല.

"ബാലൺ ഡി ഓർ വോട്ടിങ്ങിൽ മെച്ചപ്പെട്ട സ്ഥാനം ലഭിച്ചില്ലെന്നത് എന്നെ ഞെട്ടിപ്പിച്ച കാര്യമായിരുന്നു, പക്ഷെ അതിലെനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. ലോകത്ത് ഒരാളും ഞാൻ ഏഴാം സ്ഥാനത്ത് വരുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പക്ഷെ അതാണ് സംഭവിച്ചത്." ഈജിപ്ഷ്യൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സലാ പറഞ്ഞു. ഫിഫ ലോക ഇലവനിൽ സ്ഥാനം ഇല്ലാതിരുന്നതിനെക്കുറിച്ചും താരം പറഞ്ഞു.

"ഗൂഡാലോചനാ സിദ്ധാന്തം ഉണ്ടായിരുന്നുവെന്ന് എനിക്കു തോന്നിയില്ല. പക്ഷെ ശരിയല്ലാത്ത ചോയ്‌സുകൾ ഉണ്ടായിരുന്നു. അതിനു പുറമെ ഫുട്ബോളിനെക്കുറിച്ചുള്ള അറിവു കുറഞ്ഞ പല രാജ്യങ്ങളും അതിലുണ്ടായിരുന്നു, അവരുടെ തിരഞ്ഞെടുപ്പ് എന്തിനെ അടിസ്ഥാനമാക്കിയാണ് എന്നെനിക്ക് അറിയില്ല. എന്തായാലും ഗൂഡാലോചന നടന്നുവെന്ന വാദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല." സലാ പറഞ്ഞു. കരിയറിലെ നേട്ടങ്ങളിൽ വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

"എന്നെക്കുറിച്ചുള്ള ആളുകളുടെ പോസിറ്റിവ് ആയ കമന്റുകളും അവരുടെ പ്രതീക്ഷയുടെ കാരണമാകുന്നതും ഉണ്ടാക്കുന്ന സന്തോഷം വിവരിക്കാൻ വാക്കുകളില്ല. ഇന്നു ഞാൻ മരിച്ചാലും അത് ഞാൻ ആഗ്രഹിച്ചിരുന്ന നിരവധി കാര്യങ്ങൾ നേടിയതിനു ശേഷം തന്നെയാണ്. ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിലും എനിക്കുള്ള സന്തോഷം പലർക്കും മനസിലാവില്ല. ആ ജേഴ്‌സി അണിയുന്നതു തന്നെ സന്തോഷമാണ്." സലാ പറഞ്ഞു.

ഈ സീസണിൽ ബാലൺ ഡി ഓറിൽ പുറകോട്ടു പോയെങ്കിലും അടുത്ത സീസണിൽ അതു നേടാൻ സലാക്ക് അവസരമുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ഇത്തവണ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടപ്രതീക്ഷ ഉണ്ടെന്നിരിക്കെ അതു നേടാൻ കഴിഞ്ഞാൽ അടുത്ത സീസണിലെ ബാലൺ ഡി ഓർ സലായെ തേടിയെത്താൻ വളരെയധികം സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit