Liverpool News

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കുമായാണ് സലാ കളിച്ചതെന്ന് ഈജിപ്ഷ്യൻ ടീം ഡോക്ടർ

Sreejith N
Salah Played Champions League Final With Injury
Salah Played Champions League Final With Injury / Etsuo Hara/GettyImages
facebooktwitterreddit

ലിവർപൂൾ സൂപ്പർതാരമായ മൊഹമ്മദ്‌ സലാ കഴിഞ്ഞ രണ്ടു മാസമായി പരിക്കിന്റെ പിടിയിലാണെന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഈ ഫിറ്റ്നസ് പ്രശ്‌നങ്ങളോടു കൂടി തന്നെയാണ് താരം കളിച്ചതെന്നും ഈജിപ്ഷ്യൻ ദേശീയ ടീം ഡോക്ടർ. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കൊണ്ടാണ് ഈജിപ്ഷ്യൻ ടീമിനൊപ്പം താരത്തെ ഒരേയൊരു മത്സരത്തിൽ മാത്രം കളിപ്പിച്ചതെന്നും സലാ പറഞ്ഞു.

ചെൽസിക്കെതിരെ മെയ് 14നു നടന്ന എഫ്എ കപ്പ് ഫൈനലിന്റെ ആദ്യപകുതിയിലാണ് സലാക്ക് പരിക്കു പറ്റിയത്. അതിനു ശേഷം നടന്ന ലീഗ് മത്സരത്തിൽ പുറത്തിരുന്ന താരം വോൾവ്‌സുമായി നടന്ന അവസാന മത്സരത്തിൽ മുപ്പത്തിരണ്ട് മിനുട്ട് മാത്രമാണു കളിച്ചത്. എന്നാൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം മുഴുവൻ സമയവും കളിച്ചിരുന്നു.

"എഫ്എ കപ്പ് ഫൈനലിനിടെയാണ് സലാക്ക് അഡക്റ്റർ മസിലിനു പരിക്കു പറ്റിയത്. അതിനു ശേഷം വോൾവ്‌സിനെതിരെയും ചാമ്പ്യൻസ് ലീഗ് ഫൈനലിലും താരം കളിച്ചു, ഇതെല്ലാം പതിനാലു ദിവസത്തിന്റെ ഉള്ളിലാണ്. ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച രണ്ടാമത്തെ താരം സലായാണെന്നൊരു കണക്കും ഞാൻ വായിച്ചിരുന്നു." ഓൺ ടൈം സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ ടീം ഡോക്ടർ മൊഹമ്മദ് അബു എൽ എല പറഞ്ഞു.

"മെഡിക്കൽ റിപ്പോർട്ടുകളുമായാണ് ഞങ്ങൾ താരങ്ങളെ സ്വീകരിക്കുകയും പറഞ്ഞു വിടുകയും ചെയ്യുക. താരത്തിന് വേദനയുണ്ടെന്നും എക്‌സ് റേ വേണമെന്നും ലിവർപൂൾ പറഞ്ഞിരുന്നു. നൂറു ശതമാനം ഫിറ്റ്നസുള്ള ഒരു താരമില്ല. എന്നാൽ അപകടങ്ങളില്ലാതെ താരത്തിന് കളിക്കാൻ കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യം."

"ദേശീയ ടീമിനൊപ്പം ഒരു മത്സരം മാത്രം കളിക്കുന്നതാണ് ക്ലബിന് ഉചിതമായി തോന്നിയത്. അതിനാൽ ഞങ്ങൾ ഗിനിയക്കെതിരെ നടന്ന മത്സരം തിരഞ്ഞെടുത്തു. എത്യോപ്യക്കെതിരെ നടന്ന മത്സരത്തിനായി വിമാനത്തിൽ ഒരുപാട് ദൂരം സഞ്ചരിക്കുന്നത് താരത്തിന് ബുദ്ധിമുട്ടായിരിക്കും, മൂന്നു ദിവസത്തിനിടെ മറ്റൊരു മത്സരം കൂടി കളിക്കാൻ താരത്തിന് കഴിയുമായിരുന്നില്ല." അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ സീസണിൽ അൻപത്തിയൊന്നു മത്സരങ്ങളിൽ കളത്തിലിറങ്ങിയ മൊഹമ്മദ് സലാ അതിൽ നാൽപത്തിയഞ്ചിലും ആദ്യ ഇലവനിൽ കളിച്ചിരുന്നു. ഇതിനു പുറമെ ഈജിപ്‌തിനായി കളിച്ച പതിനഞ്ചു മത്സരങ്ങളടക്കം അറുപത്തിയാറു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit