പുതു ചരിത്രമെഴുതി മൊഹമ്മദ് സല; പ്രീമിയർ ലീഗിലെ ആഫ്രിക്കൻ ഗോൾ വേട്ടക്കാരിൽ ഇനി ഒന്നാമൻ

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ഈജിപ്റ്റ്യൻ സൂപ്പർ താരം മൊഹമ്മദ് സല, തകർപ്പൻ ഹാട്രിക്കായിരുന്നു സ്കോർ ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ കാഴ്ച വെച്ച ഈ മിന്നും പ്രകടനത്തിനിടെ പ്രീമിയർ ലീഗിലെ തകർപ്പൻ റെക്കോർഡുകളിലൊന്നും സല സ്വന്തം പേരിലെഴുതി.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിനിറങ്ങും മുൻപ് 104 പ്രീമിയർ ലീഗ് ഗോളുകളായിരുന്നു സലയുടെ പേരിലുണ്ടായിരുന്നത്. മത്സരത്തിൽ തന്റെ ആദ്യ ഗോൾ നേടിയതോടെ ഐവറി കോസ്റ്റ് ഇതിഹാസം ദിദിയർ ദ്രോഗ്ബയെ മറികടന്ന് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റെക്കോർഡ് സല സ്വന്തമാക്കി.
Mo Salah's 105th Premier League goal sees him pass Didier Drogba as the highest-scoring African in league history ??? pic.twitter.com/qUPHT7LHMo
— B/R Football (@brfootball) October 24, 2021
രണ്ട് സ്പെല്ലുകളിലായി ചെൽസിക്ക് വേണ്ടി മൊത്തം 254 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ദ്രോഗ്ബ 104 ഗോളുകളായിരുന്നു ലീഗിൽ സ്കോർ ചെയ്തത്. എന്നാൽ വെറും 167 മത്സരങ്ങളിൽ നിന്നാണ് സല ഈ ഗോൾ നേട്ടം മറികടന്ന് പ്രീമിയർ ലീഗിലെ എക്കാലത്തെയും ഉയർന്ന ആഫ്രിക്കൻ ഗോൾ വേട്ടക്കാരനായിരിക്കുന്നത്. നിലവിൽ 167 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 107 ഗോളുകളാണ് ഇരുപത്തിയൊൻപതുകാരനായ സലയുടെ സമ്പാദ്യം.
ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോളുകൾ നേടുന്ന ആദ്യ ലിവർപൂൾ താരമെന്ന നേട്ടവും ഈ മത്സരത്തിൽ സ്വന്തമാക്കിയ സല, 18 വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിൽ ഹാട്രിക്ക് നേടുന്ന ആദ്യ എവേ താരമായും മാറി.
3 – Mohamed Salah is the first away player to score a hat-trick at Old Trafford for over 18 years, since Ronaldo did so for Real Madrid back in April 2003 in the Champions League. Ballon. pic.twitter.com/E9kOIRThgF
— OptaJoe (@OptaJoe) October 24, 2021
അതേ സമയം മൊഹമ്മദ് സല ഹാട്രിക്ക് നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർക്കുകയായിരുന്നു. സലക്ക് പുറമേ നബി കെയ്റ്റ, ഡിയൊഗോ ജോട്ട എന്നിവരാണ് ലിവർപൂളിനായി വല കുലുക്കിയത്. വിജയത്തോടെ 9 മത്സരങ്ങളിൽ 21 പോയിന്റായ ലിവർപൂൾ, പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.