മാഞ്ചസ്റ്റർ സിറ്റി തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്ന് മൊഹമ്മദ് സലാ
By Sreejith N

ഈ സീസണിലെ അവസാനത്തെ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടപ്പെടുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ലിവർപൂൾ സൂപ്പർതാരം മൊഹമ്മദ് സലാ. മാഞ്ചസ്റ്റർ സിറ്റി തോൽവിയോ സമനിലയോ വഴങ്ങിയാലേ ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം നേടാൻ ലിവർപൂളിന് സാധ്യതയുള്ളൂ എന്ന സാഹചര്യത്തിലാണ് സലാ തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചത്.
അവസാന റൗണ്ട് മത്സരത്തിനായി പ്രീമിയർ ലീഗ് ക്ലബുകൾ ഇന്നു രാത്രി ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ്. 89 പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലിവർപൂൾ അവസാന മത്സരത്തിൽ വോൾവ്‌സിനെ തോൽപ്പിച്ചാലും മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്‌ടമാക്കിയില്ലെങ്കിൽ ലിവർപൂളിന് കിരീടം നേടാൻ യാതൊരു സാധ്യതയുമില്ല.
Mo Salah is hoping for a miracle this weekend ? pic.twitter.com/dew0eLX82T
— ESPN UK (@ESPNUK) May 21, 2022
"സിറ്റി തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യണം എന്നാണു എന്റെ ആഗ്രഹം. എങ്കിൽ ഞങ്ങൾക്ക് ലീഗ് വിജയിക്കാൻ കഴിയും. ഞങ്ങൾ ടീമെന്ന നിലയിൽ എല്ലാവരോടും പരസ്‌പരം സംസാരിച്ചു. എല്ലാവരും ആവേശത്തിലാണ്. ഇതേ സാഹചര്യം രണ്ടു വർഷങ്ങൾക്കു മുൻപും സംഭവിച്ചിരുന്നു, അന്നവരാണ് ലീഗ് കിരീടം നേടിയത്."
"ഞങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നിൽക്കുന്നത്, എന്നാൽ ഞങ്ങളുടെ കൈകളിലുള്ളത് ഇതു മാത്രമാണ് - ഞങ്ങൾ എന്തായാലും മത്സരം വിജയിക്കണം, അതിനു ശേഷം എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം." ബീയിങ് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ സലാ പറഞ്ഞു.
ഈ സീസണിൽ രണ്ടു കറബാവോ കപ്പ്, എഫ്എ കപ്പ് കിരീടങ്ങൾ ലിവർപൂൾ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാലിടറിയാൽ ഇംഗ്ലണ്ടിലെ മൂന്നു കിരീടങ്ങളും ലിവർപൂളിന് സ്വന്തമാക്കാൻ കഴിയും. അതിനു ശേഷം ചാമ്പ്യൻസ് ലീഗ് കൂടി സ്വന്തമാക്കിയാൽ സീസണിൽ നാല് കിരീടങ്ങൾ നേടുന്ന ആദ്യ ക്ലബെന്ന നേട്ടവും അവർക്ക് സ്വന്തമാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.