സലാ ലിവർപൂൾ വിടാൻ സാധ്യതയേറുന്നു, ലക്ഷ്യം പിഎസ്ജിയും സ്പാനിഷ് ക്ലബുകളും


ലിവർപൂളുമായി കരാർ പുതുക്കുന്ന കാര്യം വളരെക്കാലമായി അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ ഈജിപ്ഷ്യൻ താരമായ മൊഹമ്മദ് സലാ ഈ സീസണു ശേഷം ക്ലബ് വിടാനുള്ള സാധ്യത വർധിക്കുന്നു. ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്കോ അല്ലെങ്കിൽ സ്പെയിനിലേക്കോ ചേക്കേറുന്ന കാര്യമാണ് സലാ പരിഗണിക്കുന്നത്.
2023ൽ കരാർ അവസാനിക്കുന്ന സലാ അതു പുതുക്കുന്നതിനു വേണ്ടി ചോദിക്കുന്ന പ്രതിഫലം അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടാണ് ചർച്ചകൾ ഇപ്പോഴും ധാരണയിൽ എത്താത്തതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഈ സമ്മറിൽ തന്നെ താരത്തെ വിൽക്കാൻ ലിവർപൂളിനു താൽപര്യമുണ്ട്. അടുത്ത സീസണു ശേഷം താരത്തെ ഫീ ട്രാൻസ്ഫറിൽ നഷ്ടമാകുന്നത് ഒഴിവാക്കുകയാണ് ലിവർപൂളിന്റെ ലക്ഷ്യം.
Mohamed Salah is tempted by the idea of a transfer to PSG, according to The Telegraph ? pic.twitter.com/Zg9bKNbdrt
— GOAL (@goal) May 2, 2022
ലിവർപൂളിൽ തുടരുകയാണ് തന്റെ താൽപര്യമെന്നും എന്നാൽ അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ക്ലബാണെന്നും സലാ നിരവധി തവണ വ്യക്തമാക്കിയിരുന്നു. അതേസമയം കരാർ പുതുക്കുന്നതു സംബന്ധിച്ച് പരിശീലകൻ ക്ലോപ്പ് മുൻപു പറഞ്ഞത് ക്ലബ് നേതൃത്വം പരമാവധി ശ്രമം നടത്തിയെന്നും ഇനി താരമാണ് തീരുമാനം എടുക്കേണ്ടതെന്നുമാണ്. ഈ വാക്കുകളിലെ വൈരുദ്ധ്യം താരം ക്ലബ് വിടാനുള്ള സാധ്യതയിലേക്ക് വഴി തുറക്കുന്നതു തന്നെയാണ്.
ലിവർപൂൾ വിടുകയാണെങ്കിൽ സലായുടെ പ്രധാന ലക്ഷ്യം റയൽ മാഡ്രിഡ്, ബാഴ്സലോണ, പിഎസ്ജി എന്നീ ക്ലബുകളാണ്. എന്നാൽ റയൽ മാഡ്രിഡിലേക്ക് എംബാപ്പെ എത്തുന്നതും ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നതും താരം സ്പെയിനിൽ എത്താനുള്ള സാധ്യതക്കു മങ്ങലേൽപ്പിക്കുന്നുണ്ട്. റൈറ്റ് വിങ്ങിൽ കളിക്കുന്ന സലാ പിഎസ്ജിയിലേക്ക് ചേക്കേറിയാൽ മെസിയോട് താരം മത്സരിക്കേണ്ടി വരികയും ചെയ്യും.
ഈ സീസണിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സലാക്ക് ലിവർപൂളിനോപ്പം നാല് കിരീടങ്ങളെന്ന മറ്റൊരു പ്രീമിയർ ലീഗ് ക്ലബിനും കഴിയാത്ത നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. അതിനു കഴിഞ്ഞാൽ കരാർ പുതുക്കുന്ന കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.