റൊണാൾഡോക്കു തുല്ല്യമായ പ്രതിഫലം, ലിവർപൂൾ കരാർ പുതുക്കാനൊരുങ്ങി സലാ


പ്രീമിയർ ലീഗിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു തുല്യമായ പ്രതിഫലം നൽകാമെന്ന ധാരണയിൽ ലിവർപൂളുമായി കരാർ പുതുക്കാൻ മൊഹമ്മദ് സലാ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കു കൂടിയാണ് വിരാമമാകാൻ പോകുന്നത്.
2023ൽ അവസാനിക്കുന്ന സലായുടെ കരാർ പുതുക്കാൻ ലിവർപൂൾ ശ്രമം നടത്തിയിരുന്നെങ്കിലും രണ്ടു കക്ഷികളും അക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നില്ല. പ്രീമിയർ ലീഗിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമാക്കി തന്നെ മാറ്റണമെന്ന ആവശ്യം മുന്നോട്ടു വെച്ച സലാ റൊണാൾഡോയെക്കാൾ കൂടിയ വേതനമാണ് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Mohamed Salah is now close to agreeing a new contract which will keep him at Liverpool until the end of his career, according to reports ?
— Sky Sports News (@SkySportsNews) April 2, 2022
സലായുടെ ആവശ്യം ലിവർപൂൾ തുടർച്ചയായി നിരസിച്ചതോടെ ഈജിപ്ഷ്യൻ താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു. ബാഴ്സലോണ, പിഎസ്ജി, യുവന്റസ് തുടങ്ങിയ ക്ലബുകളാണ് താരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ റൊണാൾഡോക്ക് തുല്യം പ്രതിഫലമെന്ന വാഗ്ദാനത്തോടെ ഈ ക്ലബുകളുടെ മോഹങ്ങൾ ഇല്ലാതാക്കിയിരിക്കയാണ് ലിവർപൂൾ.
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം നാലു വർഷത്തെ കരാറാണ് സലാക്കായി ലിവർപൂൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സലാ എന്നതിനാൽ തന്നെ ലിവർപൂളിന്റെ നീക്കം യുക്തിപരമാണ്. ഈ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററായ സലായിൽ തന്നെയാണ് ലിവർപൂളിന്റെ ലീഗ്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയും.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലും ലോകകപ്പ് യോഗ്യത പ്ലേ ഓഫിലും സെനഗലിനോട് തോട്ടത്തിന്റെ നിരാശയെ മറികടക്കാൻ പുതിയ ഓഫർ സലായെ സഹായിക്കും. അതു സീസണിന്റെ ബാക്കിയിൽ താരത്തിന്റെ പ്രകടനത്തിന് ഉത്തേജനവും നൽകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.