ക്രിസ്റ്റ്യാനോ റൊണാൾഡോയും മൊഹമ്മദ് സലയും ഏറെക്കുറെ ഒരേ നിലവാരത്തിലുള്ള താരങ്ങളാണെന്ന് ലിവർപൂൾ താരം ഡിയഗോ ജോട്ട

കഴിഞ്ഞ കുറച്ച് നാളുകളായി മിന്നും ഫോമിലുള്ള ലിവർപൂൾ താരം മൊഹമ്മദ് സലാ നിലവാരത്തിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിയഗോ ജോട്ട. കഴിവിന്റേയും പ്രകടന നിലവാരത്തിന്റേയും കാര്യത്തിൽ സലായും, റൊണാൾഡോയും ഏതാണ്ട് തുല്യനിലയിലാണെന്ന് അഭിപ്രായപ്പെടുന്ന ജോട്ട, താൻ സലക്കൊപ്പം ലിവർപൂളിൽ കളിക്കുന്നത് ഒരു ഭയഭക്തിയോടെയാണെന്നും കൂട്ടിച്ചേർത്തു.
"മഹാനായ കളിക്കാരൻ, ലോകോത്തരം. ഈ സീസണിൽ തന്റെ ടെക്നിക്ക് ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ് അദ്ദേഹം. അവൻ വിനോദത്തിന് വേണ്ടി ഗോളുകൾ നേടുന്നു. മികച്ച ഗോളുകൾ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സഹായകരമാണ്. കാരണം മത്സരം നിർണയിക്കാൻ കഴിയുന്ന ഒരാൾ ഞങ്ങൾക്ക് മൈതാനത്തിലുണ്ടാകും, എതിരാളികൾക്കാവട്ടെ തങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളാകണമെന്ന് അറിയാം (സലായുള്ളപ്പോൾ)," സ്കൈ സ്പോർട്സിനോട് സംസാരിക്കവെ സലായെക്കുറിച്ച് ജോട്ട പറഞ്ഞു.
ലിവർപൂളിൽ സലാക്കൊപ്പം കളിക്കുമ്പോൾ തനിക്ക് ഒരു ഭയഭക്തി തോന്നാറുണ്ടെന്ന് തുറന്ന് പറയുന്ന ജോട്ട, റൊണാൾഡോക്കൊപ്പംപോർച്ചുഗൽ ദേശീയ ടീമിനായി കളിച്ചപ്പോളും ഇതേ വികാരം തനിക്ക് അനുഭവപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടി. ഇതിനൊപ്പമായിരുന്നു ഇരുവരും ഏറെക്കുറെ ഒരേ തലത്തിൽ നിൽക്കുന്ന കളിക്കാരാണെന്ന് ജോട്ട അഭിപ്രായപ്പെട്ടത്.
Diogo Jota has "same feeling" about Mohamed Salah as he did Cristiano Ronaldohttps://t.co/DY6J1NiJBZ pic.twitter.com/jDZ7gh4Wpc
— Mirror Football (@MirrorFootball) November 7, 2021
"റൊണാൾഡോക്കൊപ്പം ദേശീയ ടീമിൽ ആദ്യമായി കളിച്ചപ്പോളും തനിക്ക് ആ വികാരമുണ്ടായിരുന്നു (ഭയഭക്തി). റൊണാൾഡോ വളരെക്കാലമായി അത് ചെയ്യുന്നുണ്ടെങ്കിലും (ഉയർന്ന തലത്തിൽ കളിക്കുന്നത്) സലായെയും അതേ നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. മൈതാനത്തായിരിക്കുമ്പോൾ അവർ വളരെയധികം അപകടകാരികളാണ്, അവർക്ക് ഏത് നിമിഷവും സ്കോർ ചെയ്യാനാകും. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദമാണ്. കാരണം എനിക്ക് അവരെ കാണാനും പഠിക്കാനും കഴിയും," ജോട്ട പറഞ്ഞു.
അതേ സമയം 2021-22 സീസണിൽ ഉജ്ജ്വല ഫോമിലാണ് ലിവർപൂൾ താരമായ സലാ കളിച്ചു കൊണ്ടിരിക്കുന്നത്. ചെമ്പടക്കായി ഇക്കുറി കളിച്ച 14 മത്സരങ്ങളിൽ 15 ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞ സലാ 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.