പരിക്കേറ്റ സഹലിനു ഐഎസ്എൽ ഫൈനൽ നഷ്‌ടമായേക്കും

Sahal Abdul Samad Likely To Miss ISL Final
Sahal Abdul Samad Likely To Miss ISL Final / Indian Super League
facebooktwitterreddit

വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി മലയാളി താരം സഹൽ അബ്‌ദുൾ സമദ് കലാശപ്പോരാട്ടത്തിൽ കളിച്ചേക്കില്ല. ഹൈദരാബാദ് എഫ്‌സിക്കെതിരായ ഫൈനൽ മത്സരം താരത്തിന് നഷ്‌ടമാകാനുള്ള സാധ്യത വളരെയധികമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇരുപത്തിനാലുകാരനായ സഹൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വളരെ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ നടന്ന ഐഎസ്എൽ ആദ്യപാദ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം നേടിക്കൊടുത്ത ഗോൾ നേടിയ താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് രണ്ടാംപാദ മത്സരം നഷ്‌ടമായിരുന്നു.

സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിനു മുൻപ് പരിക്കേറ്റ താരം അതിനു ശേഷം പിന്നീട് പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സഹലിന്റെ കാര്യത്തിൽ ഒരു സാഹസത്തിനു മുതിരില്ലെന്നും താരത്തിന് പകരക്കാരനാവാൻ കഴിയുന്ന കളിക്കാർ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടെന്നുമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേക്കുറിച്ച് വുകോമനോവിച്ച് പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം സഹൽ വെള്ളിയാഴ്‌ച പരിശീലന മൈതാനത്ത് എത്തിയെങ്കിലും ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. താരത്തിന്റെ പരിക്ക് വിചാരിച്ചതിനേക്കാൾ ഗുരുതരമാണെന്ന ഭീതിയുണ്ടെന്നും ഫൈനൽ പോരാട്ടത്തിന് ഇറങ്ങാൻ കഴിയുന്ന കാര്യം സംശയത്തിൽ തന്നെ തുടരുകയാണെന്നും അവർ പറയുന്നു.

വുകോമനോവിച്ചിന്റെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിർണായക സാന്നിധ്യമായ സഹൽ അബ്‌ദുൾ സമദ് ആറു ഗോളുകളാണ് ഈ സീസണിൽ നേടിയിരിക്കുന്നത്. താരത്തിന് പകരം നിഷു കുമാറോ രാഹുൽ കെപിയോ ഇറങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.