വിസ പ്രശ്‌നം, യൂറോപ്പില്‍ കളിക്കാനുള്ള സഹലിന്റെ അവസരം നഷ്ടമായി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദിന് യൂറോപ്പില്‍ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വിസ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തിന് അവസരം ലഭിക്കാതിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഐസ്ലന്‍ഡ് ക്ലബ്ബായ ഐബിവി വെസ്റ്റ്മന്നെയറാണ് ചെറിയ ലോണ്‍ കാലയളവില്‍ സഹലിനെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നത്.
ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്ന ഹെര്‍മനാണ് നിലവില്‍ ഈ ഐസ്ലന്‍ഡ് ക്ലബ്ബിന്റെ ഹെഡ് കോച്ച്. ഹെര്‍മന്‍ വഴിയാണ് ക്ലബ്ബ് സഹലിലേക്കെത്തിയെതെന്നാണ് ടൈസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സഹലിനെ ടീമിലെത്തിക്കാന്‍ ഐസ്ലന്‍ഡ് ക്ലബ്ബിനും, താരത്തെ ലോണില്‍ അയക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനും താല്‍പര്യമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ചകളും നടന്നു. സഹലും ഈ നീക്കത്തില്‍ സന്തുഷ്ടനായിരുന്നു. എന്നാല്‍ വിസ പ്രശ്‌നങ്ങളും, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളും കാരണമാണ് നീക്കം നടക്കാതിരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
"ഓഗസ്റ്റ് അവസാനം വരെ സഹലിനെ ലോണിനയക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വിസയിലെ ബുദ്ധിമുട്ടും, വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളും, ഇത്ര ചെറിയ കാലയളവിലേക്ക് അദ്ദേഹത്തെ അയക്കുന്നതിന് തടസമായി," ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. സ്ലോവാക്യയിലേക്കും സഹലിനെ അയക്കാനുള്ള ഓപ്ഷന്‍ തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ സ്‌കിന്‍കിസ് വ്യക്തമാക്കി. എന്നാല്‍ ക്ലബ്ബില്‍ സംഭവിച്ച മാറ്റങ്ങള്‍ കാരണം ഈ നീക്കവും നടക്കാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.