Football in Malayalam

ബാഴ്‌സലോണയോ റയൽ മാഡ്രിഡോ വിളിച്ചാൽ സമ്മറിൽ സാഡിയോ മാനെ ലിവർപൂൾ വിടും

Sreejith N
Wolverhampton Wanderers v Liverpool - Premier League
Wolverhampton Wanderers v Liverpool - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയോ റയൽ മാഡ്രിഡോ ഓഫറുമായി വന്നാൽ ലിവർപൂൾ വിടാനൊരുക്കമെന്ന് സാഡിയോ മാനെ തന്റെ ഏജന്റിനെ അറിയിച്ചതായി റിപ്പോർട്ട്. അടുത്തിടെ സമാപിച്ച ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സെനഗലിനെ ചരിത്രത്തിൽ ആദ്യമായി കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് മാനെ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

2016ൽ പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്ടണിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം ക്ലബിന്റെ ഉയർച്ചയിൽ നിർണായക പങ്കു വഹിച്ച താരമായ മാനെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ് എന്നിവ അവർക്കൊപ്പം നേടി. 2023ൽ ലിവർപൂൾ കരാർ അവസാനിക്കാനിരിക്കെയാണ് താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറി തന്റെ കരിയറിൽ വീണ്ടും ഉയർച്ചയുണ്ടാക്കാൻ ആഗ്രഹിക്കുന്നതെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു.

റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്കയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാവാനുള്ള അഭിനിവേശം മാനെക്കുണ്ട്. സ്പെയിനിലെ ഈ രണ്ടു ക്ലബുകളിൽ ഒന്നിലേക്കു ചേക്കേറാൻ കഴിഞ്ഞാൽ ലിവർപൂളിൽ കളിച്ചു നേടിയതിനു സമാനമായ നേട്ടങ്ങൾ സ്വാഭാവികമായും വരുമെന്നും അതു തന്റെ കരിയറിനു കൂടുതൽ നിറം ചാർത്തുമെന്നും സെനഗൽ താരം പ്രതീക്ഷിക്കുന്നു.

2023ൽ കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ലിവർപൂളിന്റെ ഭാഗത്തു നിന്നും ശക്തമായി ഉണ്ടാകുന്നില്ലെന്നതും താരത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്. അതിനു പുറമെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പോർട്ടോയിൽ നിന്നും ലിവർപൂൾ സ്വന്തമാക്കിയ ലൂയിസ് ഡയസ് മാനേയുടെ അതെ പൊസിഷനിലാണ് കളിക്കുകയെന്നതും ഭാവിയെക്കുറിച്ച് മാറിചിന്തിക്കാൻ മാനെയെ പ്രേരിപ്പിക്കുന്നു.

സിനദിൻ സിദാൻ പരിശീലകനായിരുന്ന സമയത്ത് മാനെയിൽ റയൽ മാഡ്രിഡിനു താൽപര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴും അതുണ്ടാകാൻ സാധ്യത കുറവാണ്. സമ്മർ ജാലകത്തിൽ ഫ്രഞ്ച് ഫോർവേഡ് എംബാപ്പെ ടീമിലെത്തിയാൽ വിനീഷ്യസും താരവും വിങ്ങുകളിൽ കളിക്കുമെന്നിരിക്കെ സാഡിയോ മാനേക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

അതേസമയം ബാഴ്‌സലോണക്ക് മാനേയിൽ താൽപര്യമുണ്ടെങ്കിലും ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താരത്തെ സ്വന്തമാക്കുക സാധ്യമാവില്ല. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മുന്നേറ്റനിരയിൽ പുതിയ താരങ്ങളെ എത്തിച്ച ബാഴ്‌സലോണയുടെ ഇനിയുള്ള ലക്‌ഷ്യം ഹാലാൻഡ് ആണെന്നിരിക്കെ മാനേയുടെ സ്‌പാനിഷ്‌ ലീഗ് മോഹം പൊലിയാനുള്ള സാധ്യതയാണു കൂടുതൽ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit