മാനെയുടെ പ്രതിഫലം ബയേൺ മ്യൂണിക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്നത്
By Sreejith N

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നേരിട്ട തിരിച്ചടിയെ വരുന്ന സീസണിൽ മറികടക്കാനും ടീമിനെ ഏറ്റവും മികച്ച പ്രകടനം നടത്താൻ സഹായിക്കാനുമാണ് ലിവർപൂളിൽ നിന്നും സാഡിയോ മാനെയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ലിവർപൂളിന് സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി നൽകുന്നതിനു നിർണായക പങ്കു വഹിച്ച താരം ഒരു വർഷം കരാർ ബാക്കി നിൽക്കെയാണ് ജർമൻ ക്ലബിലെത്തിയത്.
ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം തങ്ങളുടെ തട്ടകത്തിൽ എത്തിയ സെനഗൽ താരത്തിന് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് ബയേൺ മ്യൂണിക്ക് നൽകാൻ പോകുന്നത്. താരത്തിന് ലഭിക്കുന്ന ഒരു സീസണിൽ 19.8 മില്യൺ യൂറോയെന്ന പ്രതിഫലം ബയേൺ മ്യൂണിക്ക് ഏതെങ്കിലും ഒരു താരത്തിന് നൽകുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണ്.
ബയേൺ മ്യൂണിക്കിലെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കാറില്ലാത്തതിനാൽ ഏതു താരത്തിനാണ് നിലവിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്നത് എന്നു പറയാൻ കഴിയില്ല. എന്നാൽ ബയേൺ മ്യൂണിക്കിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന രണ്ടു താരങ്ങളായ മാനുവൽ ന്യൂയർ, റോബർട്ട് ലെവൻഡോസ്‌കി എന്നിവർക്ക് തുല്യമായ പ്രതിഫലം തന്നെയാണ് മാനെക്കും ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രതിഫലത്തിന് പുറമെ 32 മില്യൺ യൂറോയോളം താരത്തിന്റെ ട്രാൻസ്‌ഫർ ഫീസായി ബയേൺ മ്യൂണിക്ക് നൽകിയിട്ടുണ്ട്. 2016-17 സീസണിൽ ലിവർപൂളിലെത്തി ഏറ്റവും ആത്മാർത്ഥമായ പ്രകടനം ക്ലബിനു വേണ്ടി നടത്തിയ താരം അർഹിക്കുന്നതു തന്നെയാണ് ബയേൺ മ്യൂണിക്ക് നൽകിയത്. ഒരു വർഷം പൂർത്തിയാകുമ്പോൾ ബോണസ് അടക്കമുള്ള ഉടമ്പടികൾ പ്രകാരം ഈ തുക ഇനിയും വർധിക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.