ബാഴ്സലോണയെ 4-0ത്തിന് തോല്പിച്ചതായിരുന്നു ലിവര്‍പൂളിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് സാഡിയോ മാനെ

2019ല്‍ ആന്‍ഫീല്‍ഡില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ബാഴ്സലോണയെ 4-0ത്തിന് തകര്‍ത്തതായിരുന്നു ലിവര്‍പൂളിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് സാഡിയോ മാനെ. ലിവര്‍പൂള്‍ ഒഫീഷ്യല്‍ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് മാനെ ഇക്കാര്യം വ്യക്തമാക്കിയത്.
ക്യാമ്പ് നൗവില്‍ നടന്ന സെമി ഫൈനൽ ആദ്യ പാദത്തില്‍ 3-0 ത്തിന് പരാജയപ്പെട്ട ലിവര്‍പൂള്‍, ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദത്തിലായിരുന്നു നാലു ഗോളുകള്‍ ബാഴ്സലോണയുടെ വലയിലെത്തിച്ചത്.
"ആദ്യം ഞാൻ പറയുക 2019ൽ ഞങ്ങള്‍ ബാഴ്സലോണയെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തിയതാണ്, അത് അവിശ്വസനീയമായിരുന്നു. അതുപോലെ ഞങ്ങള്‍ ചാംപ്യന്‍സ് ലീഗ് നേടിയതും," ലിവർപൂളിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ച് മാനെ വ്യക്തമാക്കി.
"എന്നെ സംബന്ധിച്ചിടത്തോളം അതാണ് ഇതുവരെയുള്ള ഏറ്റവും മികച്ച, മികച്ച നിമിഷം. അല്ലെങ്കില്‍ എന്റെ തലയില്‍ എന്നെന്നും നിലനില്‍ക്കുന്ന നിമിഷം അതാണ്, ഉറപ്പാണ്," മാനെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു മാനെയെ മൂന്ന് വർഷ കരാറിൽ ടീമിലെത്തിച്ചെന്ന് ബയേൺ പ്രഖ്യാപിച്ചത്. ആറു വര്‍ഷം ലിവര്‍പൂളില്‍ കളിച്ചതിന് ശേഷമാണ് സെനഗല്‍ താരം ആന്‍ഫീല്‍ഡ് വിടുന്നത്. 35 മില്യൺ പൗണ്ടിനാണ് മാനെയെ ബയേൺ സ്വന്തമാക്കിയത്.
"ആന്‍ഫീല്‍ഡില്‍ ചെലവഴിച്ച ആറ് വർഷങ്ങൾക്ക് ശേഷം ഇനി ലിവര്‍പൂള്‍ കളിക്കാരനാകാതിരിക്കുന്നത് വിചിത്രമാണ്. ശരിക്കും വിചിത്രമാണ്," മാനെ വ്യക്തമാക്കി. 2016 മുതല്‍ ലിവര്പൂളിനൊപ്പമുണ്ടായിരുന്ന മാനെ ചെമ്പടയുടെ മുന്നേറ്റത്തിലെ പ്രധാനിയായിരുന്നു. ലിവര്‍പൂളിനായി 269 മത്സരങ്ങളിൽ കളിച്ച മാനെ 120 ഗോളുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ്, ചാംപ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ കിരീടങ്ങളെല്ലാം നേടാനും മാനെക്ക് കഴിഞ്ഞിട്ടുണ്ട്.