Bayern M�nchen News

ബയേൺ മ്യൂണിക്കിൽ അപ്രതീക്ഷിത ജേഴ്‌സി തിരഞ്ഞെടുത്ത് സാഡിയോ മാനെ

Sreejith N
Sadio Mane Picks Unexpected Jersey At Bayern
Sadio Mane Picks Unexpected Jersey At Bayern / Johannes Simon/GettyImages
facebooktwitterreddit

ലിവർപൂളിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ സെനഗൽ താരം സാഡിയോ മാനെ തിരഞ്ഞെടുത്തത് അപ്രതീക്ഷിതമായ ജേഴ്‌സി നമ്പർ. ലിവർപൂളിൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്ന താരം ബയേൺ മ്യൂണിക്കിൽ പതിനേഴാം നമ്പർ ജേഴ്‌സിയാണ് തിരഞ്ഞെടുത്തത്. ഇക്കാര്യം ബയേൺ മ്യൂണിക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

ബയേൺ മ്യൂണിക്കിൽ പത്താം നമ്പർ ജേഴ്‌സി അണിയുന്നത് മുൻ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരമായ ലിറോയ് സാനെയാണ്. ആവശ്യമെങ്കിൽ സാനെ പത്താം നമ്പർ ജേഴ്‌സി മാനെക്കു വേണ്ടി വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ജർമൻ താരത്തിന്റെ പിതാവ് ദിവസങ്ങൾക്കു മുൻപ് വ്യക്തമാക്കിയിരുന്നെങ്കിലും അതിന്റെ ആവശ്യമുണ്ടായില്ലെന്നു വേണം കരുതാൻ.

ബയേൺ ഇതിഹാസമായ ആര്യൻ റോബന്റെ പാത പിന്തുടർന്ന് പത്താം നമ്പർ മാനെ അണിയുമെന്ന പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് താരം പതിനേഴാം നമ്പർ ജേഴ്‌സി തിരഞ്ഞെടുത്തത്. ബയേൺ മ്യൂണിക്ക് വിടാൻ സാധ്യതയുള്ള താരങ്ങളായ ഗ്നാബ്രി, ലെവൻഡോസ്‌കി എന്നിവരുടെ 7, 9 നമ്പർ ജേഴ്‌സികൾ മാനെ അണിയുമെന്ന അഭ്യൂഹങ്ങളും ഇതോടെ അവസാനിച്ചു.

ബയേണിൽ പതിനേഴാം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്ന താരം മൈക്കൽ സുയ്‌സൻസ് ആയിരുന്നു. ജനുവരിയിൽ ഇറ്റാലിയൻ ക്ലബായ വെനീസിയയിലേക്ക് താരം ചേക്കേറിയതു മുതൽ ആ ജേഴ്‌സി മറ്റാരും ഉപയോഗിച്ചിട്ടില്ല.

ലിവർപൂളിനോപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മാനെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് ബയേൺ മ്യൂണിക്കിലെത്തിയതെന്നു വ്യക്തമാക്കി. തനിക്ക് കൂടുതൽ മെച്ചപ്പെടുന്നതിനു വേണ്ടിയാണ് പുതിയ ക്ലബിൽ എത്തിയതെന്നും താരം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit