ലിവർപൂളിനായി നൂറാം ഗോളും ഒപ്പം പ്രീമിയർ ലീഗിലെ തകർപ്പൻ റെക്കോർഡുകളിലൊന്നും സ്വന്തമാക്കി സാദിയോ മാനെ

By Gokul Manthara
Liverpool v Crystal Palace - Premier League
Liverpool v Crystal Palace - Premier League / Clive Brunskill/Getty Images
facebooktwitterreddit

ലിവർപൂളിനായി 100 ഗോളുകളെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി സെനഗൽ സൂപ്പർ താരം സാദിയോ മാനെ. പ്രീമിയർ ലീഗിൽ ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ ടീമിന്റെ ആദ്യ ഗോൾ നേടിയതോടെയാണ് ചെമ്പടക്കായി ഗോളുകളുടെ കാര്യത്തിൽ സെഞ്ചുറി തികക്കാൻ ഇരുപത്തിയൊൻപതുകാരനായ മാനെക്കായത്.

2016 ൽ ലിവർപൂളിലെത്തിയ മാനെ തന്റെ 224-ം മത്സരത്തിലാണ് ക്ലബ്ബിനായി നൂറാം ഗോൾ കണ്ടെത്തിയത്. 100 തവണ ചെമ്പടക്കായി വല കുലുക്കിയ താരം 43 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്‌. ക്ലബ്ബിനായി 100 ഗോളുകൾ നേടുന്ന പതിനെട്ടാമത്തെ താരവും നിലവിൽ സ്ക്വാഡിലുള്ള താരങ്ങളിൽ സലയെക്കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക താരവുമാണ് മാനെ. ലിവർപൂളിനായി മാനെ നേടിയ ഗോളുകളിൽ 77 എണ്ണം പിറന്നത് പ്രീമിയർ ലീഗിലാണ്‌. 19 തവണ അവർക്കായി ചാമ്പ്യൻസ് ലീഗിൽ വല കുലുക്കിയ താരം എഫ് എ കപ്പിലും, യുവേഫ സൂപ്പർ കപ്പ് ഫൈനലിലും രണ്ട് വീതം തവണയും അവർക്കായി ഗോളുകൾ നേടി.

അതേ സമയം ലിവർപൂളിനായി 100 ഗോളുകളെന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പ്രീമിയർ ലീഗിലെ‌ മറ്റൊരു തകർപ്പൻ റെക്കോർഡും മാനെക്ക് സ്വന്തമായി. തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ ഒരേ എതിരാളികൾക്കെതിരെ ഗോളുകൾ സ്കോർ ചെയ്യുന്ന ആദ്യ പ്രീമിയർ ലീഗ് താരമെന്ന റെക്കോർഡാണ് സെനഗൽ സൂപ്പർ താരം ഇന്ന് തന്റെ പേരിലാക്കിയത്. 2017 ഓഗസ്റ്റ് മുതൽ ക്രിസ്റ്റൽ പാലസിനെതിരെ കളിക്കാനിറങ്ങിയ 9 ലീഗ് മത്സരങ്ങളിലും ഗോൾ നേടിയാണ് മാനെ മറ്റാർക്കും ഇതു വരെ സ്വന്തമാക്കാനാവാത്ത ഈ റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തത്.

കരിയറിൽ മാനെയുടെ പ്രിയപ്പെട്ട എതിരാളികളാണ് ക്രിസ്റ്റൽ പാലസെന്ന് ഒന്നു കൂടി വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഇന്നത്തെ മത്സരം. ക്രിസ്റ്റൽ പാലസിനെതിരെ മൊത്തം 14 മത്സരങ്ങൾ ഇതു വരെ കളിച്ചിട്ടുള്ള മാനെ 13 തവണയാണ് അവരുടെ ഗോൾ വല കുലുക്കിയിട്ടുള്ളത്. 2015-16 സീസണിൽ നടന്ന ഒരു മത്സരത്തിൽ മാത്രമായിരുന്നു പാലസ് വല കുലുക്കുന്നതിൽ മാനെ പരാജയപ്പെട്ടത്.‌ മാനെ ചരിത്ര നേട്ടം കുറിച്ച മത്സരത്തിലാകട്ടെ ലിവർപൂൾ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പാലസിനെ തകർക്കുകയും ചെയ്തു.

facebooktwitterreddit