ലിവർപൂൾ വിടാൻ തീരുമാനിച്ച് സാദിയോ മാനെ, താരത്തിന് വേണ്ടി രംഗത്തുള്ളവരിൽ ബയേൺ മ്യൂണിക്കും

സെനഗലീസ് മുന്നേറ്റതാരം സാദിയോ മാനെ ലിവര്‍പൂള്‍ വിടാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ദി ഗ്വാർഡിയൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. താരത്തെ സ്വന്തമാക്കാമെന്ന് കരുതുന്നവരിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നേരത്തെ, ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം തന്റെ ഭാവി കാര്യത്തിൽ ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം നൽകുമെന്ന് മാനെ പറഞ്ഞിരുന്നു. ക്ലബ് വിടാനാണ് താരം ആഗ്രഹിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അതേ സമയം, മാനെയുടെ കരാർ നീട്ടാനാകുമെന്ന പ്രതീക്ഷയിലായിരുന്ന ലിവർപൂളിന് താരത്തെ വിൽക്കാൻ താത്പര്യമില്ല. അതിനാൽ തന്നെ മാനെയെ ക്ലബ് വിടാൻ അനുവദിക്കാൻ തക്ക ഒരു ഓഫർ ലിവർപൂളിന് ലഭിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.
2016ലായിരുന്നു പ്രീമിയര്‍ ലീഗ് ക്ലബായ സൗതാംപ്ടണില്‍ നിന്ന് മാനെ ലിവര്‍പൂളിലെത്തുന്നത്. പിന്നീട് മുഹമ്മദ് സലാക്കൊപ്പം ലിവര്‍പൂള്‍ മുന്നേറ്റനിരയിലെ പ്രധാനിയായി മാറാനും മാനെക്ക് കഴിഞ്ഞു.
ലിവര്‍പൂളിനായി 269 മത്സരം കളിച്ച മാനെ 120 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ലിവര്‍പൂളിനൊപ്പം ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എകപ്പ്, ഇ.എഫ്.എല്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ സ്വന്തമാക്കിയ മാനെ, ചെമ്പടക്കൊപ്പം കരിയറില്‍ മികച്ച നേട്ടം സ്വന്തമാക്കിയാകും പുതിയ തട്ടകം തേടുക.