നാലു വർഷത്തെ കരാറിൽ അന്റോണിയോ റുഡിഗർ റയൽ മാഡ്രിഡിലേക്ക്


ചെൽസി പ്രതിരോധതാരമായ അന്റോണിയോ റുഡിഗർ അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡിനു വേണ്ടി ബൂട്ടു കെട്ടും. ഈ സീസണോടെ ചെൽസി കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന ഇരുപത്തിയൊമ്പതു വയസുള്ള താരത്തെ നാല് വർഷത്തെ കരാറിലാണ് റയൽ മാഡ്രിഡ് സ്വന്തമാക്കുന്നതെന്ന് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളും ഫാബ്രിസിയോ റൊമാനൊ ഉൾപ്പെടെയുള്ള ട്രാൻസ്ഫർ എക്സ്പെർട്ടുകളും സ്ഥിരീകരിക്കുന്നു. എന്നാൽ ട്രാൻസ്ഫർ പ്രഖ്യാപനം ഈ സീസണു ശേഷമാകും ഉണ്ടാവുക.
ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ചെൽസി ഒരു ഗോളിന്റെ വിജയം നേടിയ മത്സരത്തിനു ശേഷം റുഡിഗർ ചെൽസി വിടുമെന്ന് പരിശീലകൻ തോമസ് ടുഷെൽ സ്ഥിരീകരിച്ചിരുന്നു. ജർമൻ താരത്തെ നിലനിർത്താൻ വേണ്ടി താനും ചെൽസിയും പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ക്ലബിനെതിരെ ബ്രിട്ടീഷ് ഗവണ്മെന്റ് ഏർപ്പെടുത്തിയ വിലക്കുകൾ അതിനു തടസം നിന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
The agreement between Toni Rüdiger and Real Madrid has been reached on a four year deal, valid until June 2026. ⚪️? #RealMadrid
— Fabrizio Romano (@FabrizioRomano) April 25, 2022
It’s matter of final details before signing the contracts. No official announcement before the end of the season, even if Toni will sign in May. pic.twitter.com/gnTAv6GYr3
റിപ്പോർട്ടുകൾ പ്രകാരം ചെൽസി ഓഫർ ചെയ്ത ആഴ്ചയിൽ രണ്ടു ലക്ഷം പൗണ്ട് പ്രതിഫലമായി നൽകാമെന്ന ഓഫർ നിരസിച്ചാണ് റുഡിഗർ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരിക്കുന്നത്. സ്വാഭാവികമായും താരത്തിനു റയൽ മാഡ്രിഡ് നൽകുന്ന പ്രതിഫലം അതിലും കൂടുതലായിരിക്കും. റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ വേണ്ടി മറ്റു ക്ലബുകളുടെ ഓഫർ റുഡിഗർ വേണ്ടെന്നു വെച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചെൽസിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് റുഡിഗർ ക്ലബ് വിടുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിനു സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ച താരം ടുഷെൽ എത്തിയതിനു ശേഷം ടീമിലെ പ്രധാന പ്രതിരോധതാരമാണ്. ഇതിനു പുറമെ മികച്ച നേതൃഗുണവും കളിക്കളത്തിൽ കാഴ്ച്ച വെക്കുന്ന പരിപൂർണ ആത്മാർത്ഥതയും റുഡിഗറെ വ്യത്യസ്ഥനാക്കുന്നു.
അതേസമയം സ്റ്റുട്ട്ഗർട്ടിൽ കളിച്ചിരുന്ന സമയത്തു തന്നെ റുഡിഗറെ റയൽ മാഡ്രിഡിനു നോട്ടമുണ്ടായിരുന്നു. കഴിഞ്ഞ സമ്മറിൽ റാമോസും വരാനെയും ക്ലബ് വിട്ടിട്ടും പതറാതിരുന്ന റയൽ മാഡ്രിഡ് പ്രതിരോധത്തിൽ റുഡിഗർ കൂടിയെത്തിയാൽ അവർ ഇരട്ടി കരുത്തരായി മാറും. ജർമൻ താരം എത്തുന്നതോടെ നിലവിൽ സെന്റർ ബാക്കായി കളിക്കുന്ന അലബക്ക് തന്റെ സ്വാഭാവിക പൊസിഷനായ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മാറാനും കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.