രണ്ട് റയൽ മാഡ്രിഡ് താരങ്ങളുടെ വ്യക്തിഗത മികവാണ് ചെൽസിയെ തകർത്തതെന്ന് റുഡിഗർ

Rudiger Says Two Real Madrid Stars' Individual Class Beaten Chelsea
Rudiger Says Two Real Madrid Stars' Individual Class Beaten Chelsea / Quality Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ ഒരു ഘട്ടത്തിൽ ചെൽസി മറികടക്കുമെന്ന തോന്നൽ ഉണ്ടായെങ്കിലും രണ്ടു താരങ്ങളുടെ വ്യക്തിഗത മികവാണ് അതിൽ നിന്നും ടീമിനെ തടഞ്ഞതെന്ന് ബ്ലൂസിന്റെ പ്രതിരോധതാരമായ അന്റോണിയോ റുഡിഗർ. മത്സരത്തിൽ റയലിന്റെ വിജയഗോൾ നേടിയ കരിം ബെൻസിമയും ആദ്യത്തെ ഗോളിന് മനോഹരമായ അസിസ്റ്റ് നൽകിയ ലൂക്ക മോഡ്രിച്ചുമാണ് ചെൽസിയെ തകർത്തതെന്നാണ് റുഡിഗർ പറയുന്നത്.

ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റ ചെൽസി പക്ഷെ ബെർണാബുവിൽ ഉദിച്ചുയർന്ന് എഴുപത്തിയഞ്ചാം മിനുട്ടിൽ മൂന്നു ഗോളുകൾ നേടി മത്സരം സ്വന്തമാക്കുന്നതിന്റെ അരികിൽ എത്തിയിരുന്നു. എന്നാൽ എൺപതാം മിനുട്ടിൽ മോഡ്രിച്ച് നൽകിയ ട്രിവേല അസിസ്റ്റിൽ റോഡ്രിഗോയും എക്സ്ട്രാ ടൈമിൽ ബെൻസിമയും വല കുലുക്കി റയൽ മാഡ്രിഡിനു സെമി ഉറപ്പാക്കുകയായിരുന്നു.

"രണ്ടുപാദങ്ങളിലായി പിഴവുകൾ വരുമ്പോൾ തീർച്ചയായും ശിക്ഷിക്കപ്പെടും. പോരാട്ടം അല്ലെങ്കിൽ മരണം എന്നായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. മത്സരത്തിനു മുൻപ് ആരും കരുതിയിരുന്നില്ല ഞങ്ങൾ 3-0ത്തിനു മുന്നിലെത്തുമായിരുന്നു എന്ന്. എന്നാൽ അതിനു ശേഷം ബെൻസിമയുടെയും മോഡ്രിച്ചിന്റെയും വ്യക്തിഗത മികവുകൾ വന്നു, ഞങ്ങളിപ്പോൾ ഇവിടെയെത്തിയിരിക്കുന്നു." റുഡിഗർ ബിടി സ്പോർട്ടിനോട് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസിക്ക് ഇത്തവണ ക്വാർട്ടറിൽ വീണു പോകേണ്ടി വന്നെങ്കിലും റയൽ മാഡ്രിഡിനെതിരെ മികച്ച പോരാട്ടവീര്യം അവർ കാണിച്ചുവെന്നത് അഭിമാനിക്കാനുള്ള വകയാണ്. ക്ലബ് വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് അവർ നടത്തിയ മികച്ച പ്രകടനം ടുഷെലിന് ഈ ടീമിന് ഇനിയും നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ കഴിയുമെന്ന് തെളിയിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.