Chelsea News

"ഞങ്ങൾ റോബോട്ടുകളല്ല"- ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുണ്ടായ കാരണം വെളിപ്പെടുത്തി റുഡിഗർ

Sreejith N
Rudiger Reveals Why He Didn't Renew With Chelsea
Rudiger Reveals Why He Didn't Renew With Chelsea / Robin Jones/GettyImages
facebooktwitterreddit

തോമസ് ടുഷെൽ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ചെൽസി പ്രതിരോധത്തിലെ ഏറ്റവും മികച്ച താരമായി വളരെ പെട്ടന്നാണ് അന്റോണിയോ റുഡിഗർ മാറിയത്. കഴിഞ്ഞ സീസണിൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് വിജയിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം പക്ഷെ ഒരു വർഷം പിന്നിടുമ്പോൾ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

ചെൽസിയുമായുള്ള കരാർ അവസാനിക്കുന്ന ജർമൻ താരം ഈ സീസൺ പൂർത്തിയാകുമ്പോൾ ഫ്രീ ട്രാൻസ്‌ഫറിലാണ് ക്ലബ് വിടുന്നത്. റയൽ മാഡ്രിഡിലേക്കാണ് റുഡിഗർ ചേക്കേറുകയെന്നും വ്യക്തമായിട്ടുണ്ട്. ആരാധകരുടെ പ്രിയതാരമാണെങ്കിലും എന്തു കൊണ്ടാണ് ചെൽസി വിടാനുള്ള തീരുമാനം എടുത്തതെന്ന് കഴിഞ്ഞ ദിവസം റുഡിഗർ വെളിപ്പെടുത്തുകയുണ്ടായി.

"ദൗർഭാഗ്യവശാൽ എന്റെ കരാർ ചർച്ചകളിൽ ശരത്കാലം മുതൽ തന്നെ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ തുടങ്ങിയിരുന്നു. ബിസിനസ് ബിസിനസ് തന്നെയാണ്, പക്ഷെ ഓഗസ്റ്റ് മുതൽ ജനുവരി വരെ നിങ്ങൾ ക്ലബിൽ നിന്നും യാതൊരു വാർത്തയും കേട്ടില്ലെങ്കിൽ സാഹചര്യങ്ങൾ ബുദ്ധിമുട്ടിലായി തുടങ്ങും." ദി പ്ലയെർസ് ട്രിബ്യുണിനോട് റുഡിഗർ പറഞ്ഞു.

"ആദ്യത്തെ ഓഫറിനു ശേഷം പിന്നീട് കുറേ കാലത്തേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ റോബോട്ടുകളല്ല. ഭാവിയെക്കുറിച്ച് വളരെയധികം ആശങ്കയോടെ ഇത്രയും മാസങ്ങൾ കാത്തിരിക്കാൻ ഒരിക്കലും കഴിയില്ല. ക്ലബിനെതിരെ നടപടികൾ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അവസാനം മറ്റു വമ്പൻ ക്ലബുകൾ താൽപര്യം കാണിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു തീരുമാനം എടുക്കേണ്ടി വന്നു."

"ഞാനതെല്ലാം വിട്ടു കളയുന്നു. കാരണം ബിസിനസിന്റെ ഭാഗം ഒഴിച്ചു നിർത്തിയാൽ എനിക്കീ ക്ലബ്ബിനെ കുറിച്ച് യാതൊന്നും മോശമായി പറയാനില്ല. ചെൽസി എല്ലായിപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകും, ലണ്ടൻ എല്ലായിപ്പോഴും എന്റെ വീടു പോലെത്തന്നെ ആയിരിക്കും." റുഡിഗർ വ്യക്തമാക്കി.

ഈ സീസണിലെ അവസാന ലീഗ് മത്സരത്തിൽ ചെൽസി വാട്ഫോഡിനെയാണ് നേരിടുന്നത്. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയ ചെൽസിക്ക് ഈ സീസണിൽ ഒരു കിരീടവും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കറബാവോ കപ്പ്, എഫ്എ കപ്പ് ഫൈനലുകളിൽ എത്തിയ ടീം തോൽവി വഴങ്ങുകയായിരുന്നു. പുതിയ ഉടമകളുടെ കയ്യിൽ എത്തുന്നതോടെ ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit