പത്തു വർഷത്തിൽ ഇങ്ങനെയൊരു ആഘോഷം കണ്ടിട്ടില്ല, ലീഗ് നേടിയതു പോലെയാണ് ആഴ്‌സണൽ വിജയം ആഘോഷിച്ചതെന്ന് റൂബൻ നെവെസ്

Wolverhampton Wanderers v Arsenal - Premier League
Wolverhampton Wanderers v Arsenal - Premier League / Clive Mason/GettyImages
facebooktwitterreddit

വോൾവ്‌സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം ആഴ്‌സണൽ നടത്തിയ വിജയാഘോഷം അവർ പ്രീമിയർ ലീഗ് നേടിയതു പോലെ ആയിരുന്നുവെന്ന് വോൾവ്‌സ് താരം റൂബൻ നെവസ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ താൻ കണ്ടിട്ടുള്ള ആഴ്‌സനലിന്റെ ഏറ്റവും വലിയ വിജയാഘോഷമായിരുന്നു അതെന്നു കളിയാക്കിയ പോർച്ചുഗീസ് താരം വോൾവ്‌സിന്റെ നിലവാരം അതു വ്യക്തമാക്കുന്നു എന്നും പറഞ്ഞു.

ഇരുപത്തിയഞ്ചാം മിനുട്ടിൽ നായകനായ ലകാസെറ്റയുടെ അസിസ്റ്റിൽ പ്രതിരോധതാരം ഗബ്രിയേൽ നേടിയ ഗോളിൽ മുന്നിലെത്തിയ ആഴ്‌സണൽ പൊരുതി തന്നെയാണ് വിജയം നേടിയത്. രണ്ടാം പകുതിയിൽ മാർട്ടിനെല്ലി ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതിനു ശേഷം ആർത്തിരമ്പിയ വോൾവ്‌സിനെ തടഞ്ഞ് ഒരു ഗോളിന്റെ ലീഡ് നിലനിർത്താനും വിജയത്തോടെ പ്രീമിയർ ലീഗ് ടോപ് ഫോർ പ്രതീക്ഷകൾ സജീവമാക്കാനും അവർക്കായി.

"അവർ മത്സരത്തിലെ വിജയം ആഘോഷിച്ചതിന്റെ രീതി നമ്മൾ കണ്ടു, അത് ഞങ്ങളുടെ നിലവാരം വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ആഴ്‌സണൽ ഇങ്ങിനെ ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടില്ല, അവർ പ്രീമിയർ ലീഗ് നേടിയതു പോലെ ആയിരുന്നു അത്." മത്സരത്തിനു ശേഷം ബിബിസിയോട് നെവസ് പറഞ്ഞു.

അതേസമയം ആഴ്‌സണലിന്റെ വിജയത്തിൽ ടീമിലെ താരങ്ങളെ പ്രശംസിച്ചെങ്കിലും നിരന്തരം ചുവപ്പുകാർഡ് വാങ്ങുന്നത് ആഴ്‌സണൽ ഒഴിവാക്കണമെന്ന് പരിശീലകൻ അർടെട്ട പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂളിനെതിരായ രണ്ടു ലീഗ് കപ്പ് മത്സരങ്ങൾ, വോൾവ്‌സിനെതിരായ മത്സരം എന്നിങ്ങനെ 2022ൽ മാത്രം നാലു ചുവപ്പുകാർഡാണ്‌ ആഴ്‌സണൽ വാങ്ങിക്കൂട്ടിയത്.

"ഫുട്ബോൾ മത്സരങ്ങൾ ഇതുപോലെ പത്തു പേരുമായി കളിച്ച് വിജയം നേടുക വളരെ ബുദ്ധിമുട്ടാണ്, അത് അവസാനിപ്പിക്കണം. നമ്മളതു മുന്നേ സംസാരിച്ചിരുന്നു. ഞാനപ്പോൾ തന്ത്രങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഇനി വരാനിരിക്കുന്ന പതിനാറു മത്സരങ്ങളും പതിനൊന്നു താരങ്ങളെ വെച്ച് പൂർത്തിയാക്കണം. പത്തു പേരുമായി വിജയം നേടുക ബുദ്ധിമുട്ടാണ്." അർടെട്ട വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.