Football in Malayalam

രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളടക്കം തന്നെ പ്രചോദിപ്പിച്ച താരങ്ങളെക്കുറിച്ചു പറഞ്ഞ് സിറ്റി താരം റൂബൻ ഡയസ്

Sreejith N
Manchester City v West Ham United - Premier League
Manchester City v West Ham United - Premier League / Gareth Copley/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരങ്ങളായ റിയോ ഫെർഡിനാൻഡ്, നെമാന്യ വിദിച്ച് എന്നിവരടക്കം പ്രീമിയർ ലീഗിലെ മുൻ പ്രതിരോധതാരങ്ങളോടുള്ള തന്റെ താൽപര്യവും അവർ നൽകിയ പ്രചോദനവും വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ റൂബൻ ഡയസ്. ബെൻഫിക്കയിൽ നിന്നും ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളെന്ന ഖ്യാതി നേടിയ ഡയസിന്റെ മികവ് കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി കാണിക്കുന്ന കുതിപ്പിനു പിന്നിലുള്ളത്.

പോർച്ചുഗീസ് ലീഗിൽ നിന്നും വ്യത്യസ്തമായ ശൈലിയുള്ള പ്രീമിയർ ലീഗിലെത്തിയ ഡയസ് വളരെപ്പെട്ടെന്നു തന്നെ ഗ്വാർഡിയോളയുടെ ടീമുമായും ഇംഗ്ലണ്ടിലെ ശൈലിയുമായും ഇണങ്ങിച്ചേരുകയായിരുന്നു. പ്രീമിയർ ലീഗിനെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളെയും വളരെക്കാലം പിന്തുടർന്നത് കൊണ്ടാണ് സിറ്റിയിൽ തനിക്ക് എളുപ്പത്തിൽ ഫോം കണ്ടെത്താൻ കഴിഞ്ഞതെന്ന് ഡയസ് വ്യക്തമാക്കി.

"ചെറുപ്പത്തിൽ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണുന്നത് എൻ്റെ വാരാന്ത്യങ്ങളെ മനോഹരമാക്കിയിരുന്ന കാര്യമായിരുന്നു. നിങ്ങൾ (റിയോ ഫെർഡിനാൻഡ്), വിദിച്ച്, കൊമ്പനി, ജോൺ ടെറി എന്നിവരുടെ നിരവധി മത്സരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്," ബിടി സ്പോർട്ടിനു വേണ്ടി ഫെർഡിനാൻഡ് നടത്തിയ അഭിമുഖത്തിൽ ഡയസ് പറഞ്ഞു.

"അങ്ങനെ ഞാൻ നിങ്ങളെ കണ്ടതിൽ നിന്നും കേട്ടതിൽ നിന്നും അറിഞ്ഞതിൽ നിന്നുമാണ് ലീഗിനെക്കുറിച്ചും നിങ്ങളുടെ ശൈലിയെക്കുറിച്ചും എല്ലാം കൂടുതൽ മനസിലാക്കുന്നത്. വളരെ മത്സരം ഇവിടെ നിലനിൽക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ മത്സരങ്ങളിലും കനത്ത വെല്ലുവിളികൾ ഉണ്ടാകുന്നത് ലീഗിനെ വ്യത്യസ്തമാക്കുകയും അതിനെ ഓരോ തവണയും മറികടക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് വിജയിക്കുകയും ചെയ്യുന്നു," ഡയസ് പറഞ്ഞു.

അറുപത്തിരണ്ടു മില്യൺ പൗണ്ട് മുടക്കിയാണ് ഡയസിനെ ബെൻഫിക്കയിൽ നിന്നും സിറ്റി ടീമിലെത്തിച്ചതെങ്കിലും താരത്തിന്റെ ഫോം പരിഗണിക്കുമ്പോൾ അത് കുറഞ്ഞ ട്രാൻസ്‌ഫർ ഫീസാണെന്നു തന്നെ പറയേണ്ടി വരും. ഇതുവരെ സിറ്റിക്ക് വേണ്ടി 33 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും നേടി വിൻസന്റ് കൊമ്പനിക്ക് പകരക്കാരാനാണെന്ന തലത്തിലേക്ക് ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

facebooktwitterreddit