Premier League

ലിവർപൂളിനെതിരായ വമ്പൻ തോൽവിക്കു കാരണം മൂന്നു താരങ്ങളുടെ അലംഭാവം, രൂക്ഷ വിമർശനവുമായി റോയ് കീൻ

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Michael Regan/Getty Images
facebooktwitterreddit

ലിവർപൂളിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്കു വഴിയൊരുക്കിയത് മൂന്നു താരങ്ങളുടെ അലംഭാവപൂർണമായ പ്രകടനമാണെന്ന വിമർശനവുമായി ക്ലബിന്റെ ഇതിഹാസതാരം റോയ് കീൻ. രണ്ടിനെതിരെ നാലു ഗോളുകൾക്ക് ലിവർപൂൾ വിജയിച്ച മത്സരത്തിൽ ഫ്രെഡ്, ലൂക്ക് ഷാ, ഡീൻ ഹെൻഡേഴ്‌സൺ എന്നിവർ സ്‌കൂൾ കുട്ടികളുടെ നിലവാരത്തിലുള്ള പ്രകടനമാണു നടത്തിയതെന്ന് കീൻ ആരോപിച്ചു.

മത്സരത്തിൽ ബ്രൂണോയിലൂടെ ആദ്യഗോൾ നേടിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നെങ്കിലും അതിനു പിന്നാലെ ആദ്യപകുതിയിൽ തന്നെ ജോട്ട, ഫിർമിനോ എന്നിവരിലൂടെ ലിവർപൂൾ രണ്ടെണ്ണം തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഫിർമിനോ ലീഡുയർത്തിയതിനു ശേഷം റാഷ്‌ഫോർഡ് നേടിയ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനു പ്രതീക്ഷ നൽകിയെങ്കിലും തൊണ്ണൂറാം മിനുട്ടിൽ സലാ ലിവർപൂളിന്റെ വിജയമുറപ്പിക്കുകയായിരുന്നു.

ലിവർപൂൾ താരങ്ങൾ സ്‌പേസുകൾ കണ്ടെത്തുന്നത് തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ പരാജയപ്പെട്ടതിനെ കീൻ വിമർശിച്ചു. "സോൾഷെയർ ഫ്രഡിനെ നിരന്തരം പരീക്ഷിക്കുന്നത് എനിക്കറിയാം, എന്നാൽ അതുകൊണ്ടുള്ള ഗുണമറിയില്ല. ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം നൽകുമെന്നതിൽ അവർക്കുള്ള പ്രതീക്ഷ എന്താണെന്നും എനിക്ക് മനസിലാക്കാനാകുന്നില്ല. അലസനും മടിയനായ താരം സഹതാരങ്ങൾ തന്നെ അപകടത്തിൽ നിന്നും രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," സ്കൈ സ്പോർട്സിനോട് കീൻ പറഞ്ഞു.

"ഷായുടെ സ്‌കൂൾ ബോയ് നിലവാരത്തിലുള്ള പ്രകടനം എല്ലാം വ്യക്തമാക്കുകയും ലിവർപൂളിനു ആധിപത്യം നൽകുകയും ചെയ്‌തു. അതു കൂടാതെ ഗോൾകീപ്പർ, അദ്ദേഹം ഇന്നത്തെ ദിവസം മികച്ചതായിരുന്നില്ല. പിഴവുകൾക്കു പിന്നാലെ പിഴവുകളായിരുന്നു. വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാഗത്തു നിന്നുമുണ്ടായത്. മാഗ്വയറിന്റെ ടീമിലില്ലാത്തത് തിരിച്ചടിയാണെങ്കിലും ഇതെല്ലം സ്‌കൂൾ കുട്ടികൾ വരുത്തുന്ന തെറ്റുകളാണ്," കീൻ തുറന്നടിച്ചു.

ഡി ഗിയക്ക് പകരക്കാരനായി ഡീൻ ഹെൻഡേഴ്‌സണെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നമ്പർ വൺ ഗോൾകീപ്പറാകാനുള്ള പദ്ധതികളെയും കീൻ നിരുത്സാഹപ്പെടുത്തി. അതേസമയം മത്സരത്തിൽ വിജയം നേടിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും സജീവമായിട്ടുണ്ട്. ലീഗിൽ മൂന്നു മത്സരം കളിക്കാൻ ബാക്കിയുള്ള ലിവർപൂൾ രണ്ടു മത്സരം മാത്രം കളിക്കാൻ ബാക്കിയുള്ള ചെൽസിയുടെ നാലു പോയിന്റിന്റെ വ്യത്യാസത്തിലാണ് അഞ്ചാം സ്ഥാനത്തു നിൽക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit