റൊണാൾഡോ എന്തുകൊണ്ട് ടീമിലുണ്ടാകണം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ പറയുന്നു


റൊണാൾഡോയെപ്പോലൊരു താരത്തെ അവസരം ലഭിക്കുമ്പോൾ സ്വന്തമാക്കണമെന്നും, താരത്തെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം ശരിയായിരുന്നെന്നും ക്ലബിന്റെ ഇതിഹാസതാരമായ റോയ് കീൻ. ടോട്ടനം ഹോട്സ്പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച റൊണാൾഡോയുടെ പ്രകടനത്തെ വിലയിരുത്തിയാണ് താരത്തിന്റെ സാന്നിധ്യം ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കീൻ പറഞ്ഞത്.
"റൊണാൾഡോയെക്കുറിച്ച് യാതൊരു വിധ ചോദ്യങ്ങൾക്കും പ്രസക്തിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുക തന്നെ വേണമായിരുന്നു. റൊണാൾഡോ വളരെ മികവുറ്റ ഒരു കളിക്കാരനാണെന്നാണ് ഞാൻ കരുതുന്നത്. ഹൃസ്വകാലത്തേക്ക്, ഒന്നോ രണ്ടോ വർഷത്തേക്ക് നോക്കിയതു കൊണ്ടാണ് അദ്ദേഹം ടീമിലുള്ളത്. ഫുട്ബോൾ മൈതാനത്തു നടന്ന എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ, കളിക്കാർ അതിനോട് ശീലപ്പെടണം."
Roy Keane says United shouldn't worry if Ronaldo doesn't run around and press #mufc https://t.co/Rcwjpenohi
— Man United News (@ManUtdMEN) October 31, 2021
"ചുമതല പങ്കിടാൻ അദ്ദേഹത്തിനരികിൽ കവാനിയുണ്ട്. റൊണാൾഡോ ഒരിക്കലും മൈതാനത്ത് ആളുകളെ പിന്തുടർന്നു പോകേണ്ട കാര്യമില്ല - അതല്ല അദ്ദേഹത്തിന്റെ കരുത്ത്. ആധുനിക ഫുട്ബോളിലെ ടീമുകളിൽ കളിക്കുന്ന പതിനൊന്നു താരങ്ങളും ഓടിക്കൊണ്ടിരിക്കണം എന്നു നിങ്ങൾ പറയും, എന്നാൽ അതിന്റെ ആവശ്യമില്ല," സ്കൈ സ്പോർട്സിനോട് കീൻ പറഞ്ഞു.
"ഒന്നോ രണ്ടോ ജീനിയസുകൾ ടീമിലുണ്ടെങ്കിൽ നിങ്ങൾക്ക് മുന്നോട്ടു പോകാം. റൊണാൾഡോ നേടിയ ആദ്യഗോൾ നോക്കുക. അതൊരു ഹാഫ് ചാൻസ് പോലുമല്ലെങ്കിലും വളരെ മികച്ച ഗോളായിരുന്നു. രണ്ടാമത്തെ ഗോൾ കണ്ടാലും അത് മനസിലാവും. റൊണാൾഡോയൊരു ജീനിയസാണ്, അദ്ദേഹം നിങ്ങളുടെ ടീമിലുണ്ടെങ്കിൽ അതൊരു മുൻതൂക്കം തന്നെയാണ്," കീൻ വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം പത്തു മത്സരം കളിച്ച റൊണാൾഡോ ഇപ്പോൾ തന്നെ ഏഴു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്നു രാത്രി അറ്റലാന്റാക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാനിറങ്ങുമ്പോൾ ആരാധകരുടെ വിജയപ്രതീക്ഷ താരത്തിന്റെ കാലുകളിൽ തന്നെയാണ്.