Football in Malayalam

മലയാളി സൂപ്പർ താരം സികെ വിനീത് പുതിയ ക്ലബ്ബിലേക്ക്; അടുത്ത സീസണിൽ കളിക്കുക റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയിൽ

Gokul Manthara
AFC Cup Final 2016: JSW Bengaluru v Air Force Club - Al-Quwa Al-Jawiya
AFC Cup Final 2016: JSW Bengaluru v Air Force Club - Al-Quwa Al-Jawiya / Matthew Ashton - AMA/Getty Images
facebooktwitterreddit

മലയാളി സൂപ്പർ താരം സികെ വിനീതിനെ ടീമിലെത്തിക്കാനൊരുങ്ങി ഐ-ലീഗ് ക്ലബ്ബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി. ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ‌ വിനീതിനെ പഞ്ചാബ് ക്ലബ്ബ് സ്വന്തമാക്കാനൊരുങ്ങുന്ന വിവരം ഇന്ന് പ്രശസ്ത ഇന്ത്യൻ മാധ്യമമായ ഖേൽ നൗവാണ് പുറത്ത് വിട്ടത്. ക്ലബ്ബ് മുന്നോട്ടു വെച്ച വ്യവസ്ഥകൾ വിനീത് അംഗീകരിച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

2021-22 സീസൺ ഐ-ലീഗിന് മുന്നോടിയായി ടീമിൽ വൻ അഴിച്ചു പണി നടത്തിക്കൊണ്ടിരിക്കുന്ന റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയെ ഇക്കുറി പരിശീലിപ്പിക്കുന്നത് ബെംഗളൂരു എഫ് സിയുടെ മുൻ പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡാണ്. അത് കൊണ്ടു തന്നെ ക്ലബ്ബ് പ്രധാനമായും ടീമിലേക്ക് നോട്ടമിടുന്നത് മുൻ ബെംഗളൂരു താരങ്ങളെയാണ്. നേരത്തെ മുൻ ബെംഗളൂരു താരങ്ങളായ ശങ്കർ സാമ്പിംഗിരാജ്, റോബിൻ സിംഗ്, റിനോ ആന്റോ എന്നിവരെ ടീമിലെത്തിച്ച റൗണ്ട്ഗ്ലാസ് പഞ്ചാബിലേക്ക് ഇക്കുറിയെത്താൻ പോകുന്ന നാലാമത്തെ‌ മുൻ ബെംഗളൂരു താരമാണ് മലയാളി സ്ട്രൈക്കറായ വിനീത്‌.

2011-12 സീസണിൽ ചിരാഗ് യുണൈറ്റഡിലൂടെ സീനിയർ കരിയറിന് തുടക്കമിട്ട സികെ വിനീത് 2014 മുതൽ 2017 വരെ ബെംഗളൂരു എഫ് സിയുടെ താരമായിരുന്നു. ബെംഗളൂരു എഫ് സിക്കായി ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ഐ എസ് എല്ലിന്റെ 2, 3 സീസണുകളിൽ ലോണടിസ്ഥാനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ വിനീത് ടീം ഐ എസ് എൽ ഫൈനലിലെത്തിയ 2016 സീസണിൽ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. തുടർന്ന് 2017-18 സീസണ് മുൻപായി താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു.

2019-20 സീസണിൽ ജംഷദ്പൂർ എഫ് സിയിലേക്ക് ചേക്കേറിയ വിനീത്, ഒരു സീസണ് ശേഷം ക്ലബ്ബ് വിടുകയായിരുന്നു. 2020-21 സീസണിൽ ഈസ്റ്റ് ബെംഗാളിലെത്തിയ താരത്തിന് 2 മത്സരങ്ങളിൽ മാത്രമായിരുന്നു അവിടെ കളിക്കാൻ അവസരം ലഭിച്ചത്. റൗണ്ട് ഗ്ലാസ് പഞ്ചാബിലെത്തുന്നതോടെ പോയ സീസണുകളിൽ ലഭിക്കാതിരുന്ന കളി സമയം വിനീതിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബെംഗളൂരു എഫ് സി, കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബുകളിൽ വിനീതിനൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള മറ്റൊരു മലയാളി താരം റിനോ ആന്റോയെ ടീമിലെത്തിച്ച വിവരം ഇന്നായിരുന്നു റൗണ്ട് ഗ്ലാസ് പഞ്ചാബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു വർഷ കരാറിലാണ് ഈ റൈറ്റ് ബാക്ക് താരത്തെ പഞ്ചാബ് സംഘം ഒപ്പം കൂട്ടിയത്. ബെംഗളൂരു എഫ് സിയിൽ തങ്ങളെ പരിശീലിപ്പിച്ചിരുന്ന ആഷ്ലി വെസ്റ്റ് വുഡിന് കീഴിൽ ഇക്കുറി പഞ്ചാബ് ക്ലബ്ബിൽ റിനോക്കും, വിനീതിനും പ്രധാന റോൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്‌.

facebooktwitterreddit