റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത് രണ്ടു പേർക്കും ഗുണം ചെയ്തില്ലെന്ന് വെയ്ൻ റൂണി


യുവന്റസിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് താരത്തിനും ക്ലബിനും ഗുണം ചെയ്തില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരവും റൊണാൾഡോയുടെ സഹതാരവുമായിരുന്ന വെയ്ൻ റൂണി. റൊണാൾഡോ ഗോളുകൾ നേടുന്നുണ്ടെങ്കിലും അഭിനിവേശമുള്ള, യുവത്വം നിറഞ്ഞ താരങ്ങളെയാണ് ടീമിനു വേണ്ടതെന്നാണ് റൂണിയുടെ അഭിപ്രായം.
തീർത്തും അപ്രതീക്ഷിതമായാണ് കഴിഞ്ഞ സമ്മറിൽ യുവന്റസിൽ നിന്നും റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. യുവന്റസിൽ പ്രതീക്ഷിച്ചതു പോലെ നേട്ടങ്ങൾ കൊയ്യാൻ കഴിയാതിരുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി ഈ സീസണിൽ ടീമിന്റെ ടോപ് സ്കോറർ ആണെങ്കിലും ക്ലബിന് ഇത്തവണ ഒരു കിരീടം പോലും നേടാൻ കഴിയുമെന്ന പ്രതീക്ഷയില്ല. ഈ സാഹചര്യത്തിലാണ് റൊണാൾഡോ ട്രാൻസ്ഫർ പ്രയോജനം ചെയ്തോ എന്ന ചോദ്യത്തിന് റൂണി മറുപടി നൽകിയത്.
Wayne Rooney on whether it was a mistake for Man Utd to resign Cristiano Ronaldo ?
— Sky Sports (@SkySports) April 4, 2022
Watch #MNF live on Sky Sports now ?pic.twitter.com/KZhejthz7t
"ഈ നിമിഷത്തിൽ ഇല്ലെന്നു തന്നെയാണ് പറയാനുള്ളത്. താരം ഗോളുകൾ നേടിയിട്ടുണ്ട്, ചാമ്പ്യൻസ് ലീഗിൽ നേരത്തെ പ്രധാനപ്പെട്ട ഗോളുകൾ നേടിയിരുന്നു, ടോട്ടനത്തിനെതിരെ ഹാട്രിക്കും താരം സ്വന്തമാക്കി. എന്നാൽ ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്തിയെടുക്കാൻ നിങ്ങൾ യുവാക്കളായ, അഭിനിവേശമുള്ള യുവതാരങ്ങളെയാണ് ചേർക്കേണ്ടത്."
"ക്രിസ്റ്റ്യാനോക്ക് അതിപ്പോഴുമുണ്ട്. എന്നാൽ ഇരുപതു വയസുള്ള താരമല്ല അദ്ദേഹം. ഇതു ഫുട്ബോളാണ്, അതു സംഭവിക്കാം. ഗോൾമുഖത്ത് താരം ഒരു ഭീഷണിയാണെങ്കിലും ചില മത്സരങ്ങളിൽ അതിൽ കൂടുതൽ വേണ്ടി വരും. അവർക്കു വേണ്ടത് അഭിനിവേശമുള്ള യുവതാരങ്ങളെയാണ്." സ്കൈ സ്പോർട്സിനോട് സംസാരിക്കേ വെയ്ൻ റൂണി പറഞ്ഞു.
ഈ സീസണിൽ 33 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച ക്രിസ്റ്റ്യാനോ പതിനെട്ടു ഗോളുകളും മൂന്ന് അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ടീമിനെ ഒരു കിരീടത്തിനു പോലും സാധ്യതയുള്ളതാക്കി മാറ്റാൻ താരത്തിനും കഴിഞ്ഞില്ല. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപ് ഫോറിൽ എത്തിച്ച് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് നേടുകയെന്നതാവും താരത്തിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.