റൊണാൾഡോയുടെ 'അസൂയക്കാരൻ' കമന്റിന് മെസിയെ പരാമർശിച്ച് അതേ നാണയത്തിൽ മറുപടി നൽകി വെയ്ൻ റൂണി


മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവ് ടീമിന് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന അഭിപ്രായം റൂണി പ്രകടിപ്പിച്ചതും അതിനു പിന്നാലെ റൊണാൾഡോ റൂണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ അസൂയക്കാരാണെന്നു കമന്റ് ചെയ്തതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ റൊണാൾഡോയുടെ കമന്റിനെക്കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റൂണി.
റൊണാൾഡോ ഗോളുകൾ നേടുന്നുണ്ടെങ്കിലും ടീമിൽ മാറ്റം കൊണ്ടു വരാൻ താരത്തിന് കഴിഞ്ഞില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ഭദ്രമാക്കാൻ യുവതാരങ്ങളെയാണ് സ്വന്തമാക്കേണ്ടത് എന്നുമാണ് റൂണി പ്രതികരിച്ചത്. ആ പ്രോഗ്രാമിൽ പങ്കെടുത്തതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റു ചെയ്തപ്പോഴാണ് റൊണാൾഡോ അതിനു കീഴിൽ അസൂയക്കാരനെന്നു കമന്റ് ചെയ്തത്. ആ കമന്റിന് അതേ നാണയത്തിൽ തന്നെയാണ് റൂണി മറുപടി നൽകിയത്.
Rooney responds to Ronaldo! ?
— Sky Sports Premier League (@SkySportsPL) April 7, 2022
Wayne Rooney has responded to a comment left by Cristiano Ronaldo on his Instagram post following his appearance on last week's MNF... pic.twitter.com/iVX8y31rcM
"ഞാനത് ഈയാഴ്ചയാണ് കണ്ടത്. ക്രിസ്റ്റ്യാനോയോട് അസൂയ ഇല്ലാത്ത ഒരു ഫുട്ബോൾ താരം പോലും ലോകത്തുണ്ടാവില്ലെന്ന് ഞാൻ പറയും. താരം ഉണ്ടാക്കിയ കരിയർ, നേടിയ കിരീടങ്ങൾ, ഉണ്ടാക്കിയ പണം, റൊണാൾഡോയുടെ സിക്സ് പാക്ക്! മെസി ഒഴികെ മറ്റെല്ലാ താരങ്ങൾക്കും റൊണാൾഡോയോട് അസൂയ ആയിരിക്കും." റൂണി മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
ഇതിനു മുൻപും റൊണാൾഡോയെക്കാൾ മികച്ച താരം മെസിയാണെന്നു പറഞ്ഞിട്ടുള്ള റൂണി തന്റെ മറുപടിയിൽ അതൊരിക്കൽ കൂടി വ്യക്തമാക്കുകയാണ് ചെയ്തത്. റൊണാൾഡോ ഇട്ട കമന്റ് സൗഹാർദപരമായിട്ടാണ് എന്ന ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് റൂണിയുടെ അഭിപ്രായത്തിൽ തന്റെ ഇഷ്ടക്കേട് പോർച്ചുഗീസ് താരം വെളിപ്പെടുത്തിയതു തന്നെയാണെന്നാണ് ഇപ്പോൾ മനസിലാവുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.