Football in Malayalam

റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് കരുതുന്നില്ല, പിഎസ്‌ജിയിലേക്കു പോകാൻ സാധ്യതയുണ്ടെന്ന് വെയ്ൻ റൂണി

Sreejith N
Manchester United v Bolton Wanderers - Premier League
Manchester United v Bolton Wanderers - Premier League / Clive Brunskill/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന് താൻ കരുതുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം വെയ്ൻ റൂണി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി വർഷങ്ങൾ കളിച്ച് കിരീടങ്ങൾ സ്വന്തമാക്കി ക്ലബിന്റെ ഇതിഹാസമായി മാറിയ റൊണാൾഡോക്ക് സിറ്റിയിലേക്ക് ചേക്കേറേണ്ടത് അനിവാര്യതയല്ലെന്നും താരം പിഎസ്‌ജിയിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നും റൂണി പറഞ്ഞു.

"മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നല്ലൊരു പരിവേഷം ലഭിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം അതിൽ എത്രത്തോളം അഭിമാനിക്കുന്നുവെന്ന് എനിക്കറിയാം. താരം സിറ്റിയിൽ ചേരുമെന്ന് എനിക്കു തോന്നുന്നില്ല. എന്നാലിത് ഫുട്ബോളായതു കൊണ്ട് എന്തു സംഭവിക്കുമെന്ന് നമുക്കറിയില്ല."

"മുൻപ് ചിലർ ഇതുപോലെ ചെയ്‌തിട്ടുണ്ടെങ്കിലും അവരാരും റൊണാൾഡോയുടെ തലത്തിൽ ഉള്ളതല്ല. പീറ്റർ ഷ്മൈഷലും ആൻഡി കോളും അതിലുൾപ്പെടുന്നു. എന്നാൽ റൊണാൾഡോയെ സംബന്ധിച്ച് അതൊരു ഓപ്‌ഷനാണെന്ന് എനിക്കു തോന്നുന്നില്ല. സാമ്പത്തികപരമായി നോക്കുമ്പോൾ തീർച്ചയായും താരം അതു ചെയ്യേണ്ടതില്ല. റൊണാൾഡോ പിഎസ്‌ജിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്നാണു ഞാൻ കരുതുന്നത്," ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റൂണി പറഞ്ഞു.

"ഒരു വ്യക്തിയെന്ന നിലയിൽ, നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായതു ചെയ്യണമെന്നു ഞാൻ കരുതുന്നു. എനിക്ക് ഒരിക്കലും ലിവർപൂളിനോ മാഞ്ചസ്റ്റർ സിറ്റിക്കോ വേണ്ടി കളിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം, അതു വ്യക്തമാണ്. എന്നാൽ എല്ലാവരും വ്യത്യസ്‌തരായ ആളുകളാണ്," റൂണി കൂട്ടിച്ചേർത്തു.

റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറില്ലെന്ന് റൂണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവിധ യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ധാരണയായിട്ടുണ്ട്. യുവന്റസിന്റെ ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ അത് യാഥാർഥ്യമായി മാറും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ

facebooktwitterreddit