Football in Malayalam

യൂറോ കപ്പ് നേടാൻ താൻ ഫേവറിറ്റുകളായി കാണുന്നത് ആരെയെന്ന് വെളിപ്പെടുത്തി വെയ്ൻ റൂണി

Gokul Manthara
Preston North End v Derby County - Sky Bet Championship
Preston North End v Derby County - Sky Bet Championship / Clive Brunskill/Getty Images
facebooktwitterreddit


ഈ മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിൽ താൻ ഫേവറിറ്റുകളായി കാണുന്നത് ഫ്രാൻസിനെയാണെന്നും അവർക്ക് ടൂർണമെന്റിൽ കിരീടം ചൂടാൻ കഴിയുമെന്നും ഇംഗ്ലീഷ് ഇതിഹാസ താരം വെയിൻ റൂണി. തന്റെ രാജ്യമായ ഇംഗ്ലണ്ടും ഇക്കുറി യൂറോയിൽ നിർണായക സ്വാധീനം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന റൂണി പക്ഷേ ഫ്രാൻസിനെ തടയുക ഏത്‌ടീമിനും ഇക്കുറി ബുദ്ധിമുട്ടായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.

യൂറോ കപ്പ് പ്രതീക്ഷയുടെ കാര്യത്തിൽ ശേഷിക്കുന്ന‌ ടീമുകളുടെയെല്ലാം മുകളിൽ നിൽക്കുന്ന നാല് ടീമുകളിലൊന്നാണ് ഇംഗ്ലണ്ടെന്ന് വെയിൻ റൂണി പറയുന്നു. പോർച്ചുഗലും, അതു പോലെ ബെൽജിയവും ഇക്കൂട്ടത്തിൽ ഇംഗ്ലണ്ടിനൊപ്പമുണ്ടെന്ന്‌ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, പക്ഷേ തന്റെ ഫേവറിറ്റുകൾ ഫ്രാൻസാണെന്ന് ഇതിനൊപ്പം വ്യക്തമാക്കുകയായിരുന്നു‌.

കിലിയൻ എംബാപ്പെ, എൻ ഗോളോ കാന്റെ, കരീം ബെൻസേമ, അന്റോയിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, റാഫേൽ വരാനെ, ഹൂഗോ ലോറിസ് എന്നീ താരങ്ങൾ അണിനിരക്കുന്ന ഫ്രാൻസ് ടീമിന്റെ നിലവാരത്തേയും പരിചയസമ്പത്തിനേയും പ്രകീർത്തിക്കുന്ന റൂണി, തങ്ങളുടെ കളികാർ മികവിലേക്കുയർന്നാൽ ഒരു പ്രശ്നവുമില്ലാതെ ഫ്രാൻസ് കിരീടം ചൂടുമെന്നും കഴിഞ്ഞ ദിവസം ദി ടൈംസിൽ എഴുതിയ കോളത്തിൽ അദ്ദേഹം കുറിച്ചു.

പ്രതിഭാധനരായ നിരവധി താരങ്ങളുള്ള ഫ്രാൻസ് വലിയ ഐക്യമുള്ള ടീമാണെന്നാണ് റൂണിയുടെ പക്ഷം.‌ ഈ ഒത്തൊരുമ ടൂർണമെന്റ് പുരോഗമിക്കുമ്പോൾ നിർണായകമാകുമെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

""ഫ്രാൻസ് കേവലം വലിയ പ്രതിഭകളുടെ ഒരു കൂട്ടം മാത്രമല്ല. 2018 ൽ നമ്മൾ കണ്ടതു പോലെ‌ പിച്ചിൽ അവർ വളരെയധികം കരുത്തുറ്റ ടീമായിരിക്കും. ഒരുമിച്ച് മത്സരങ്ങൾ വിജയിക്കുമ്പോൾ അവരുടെ ഐക്യം കൂടുതൽ ശക്തമാകും." "

വെയിൻ റൂണി.
facebooktwitterreddit