Football in Malayalam

റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാൻ സാധ്യത, എന്നാൽ പണം ഈ നീക്കത്തിന് പ്രശ്നമായേക്കാമെന്ന് മുൻ താരം

Gokul Manthara
Juventus  v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

നിലവിൽ യുവന്റസിന് വേണ്ടി കളിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരാൻ‌ സാധ്യതയുണ്ടെന്നും എന്നാൽ പണം ഈ നീക്കത്തിന് ഒരു വെല്ലുവിളിയാകാമെന്നും റയലിന്റെ മുൻ താരമായിരുന്ന റാഫേൽ മാർട്ടിൻ വസ്ക്വസ്. റൊണാൾഡോയുടെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നതിനിടെയാണ്‌ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി വസ്ക്വസ് രംഗത്തെത്തിയിരിക്കുന്നത്.

റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്തുന്നത് അസാധ്യമായ കാര്യമാണെന്ന് തോന്നുന്നില്ലെന്ന് പറയുന്ന വസ്ക്വസ്, റൊണാൾഡോയുടെ പ്രായമോ, ഫിറ്റ്നസോ അതിന് പ്രശ്നമാകില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ താരത്തിന്റെ ശമ്പളം വളരെ ഉയർന്നതിനായതിനാൽ പണം ഈ നീക്കത്തിന് വെല്ലുവിളിയായേക്കാമെന്നും ഗസറ്റ ഡെല്ല സ്പോർട്സിനോട്‌ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാൾഡോയ്ക്ക് റയൽ മാഡ്രിഡുമായും ക്ലബ്ബിന്റെ പ്രസിഡന്റായും മികച്ച ബന്ധമുണ്ടെന്നാണ് വസ്ക്വസ് പറയുന്നത്. 2018 ൽ അദ്ദേഹം ക്ലബ്ബ് വിട്ട് യുവന്റസിലേക്ക് പോയ സമയത്ത് ചില പിരിമുറുക്കങ്ങൾ ഉടലെടുത്തിരുന്നെന്നും എന്നാൽ അതൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നുമാണ് മുൻ താരം ചൂണ്ടിക്കാട്ടുന്നത്.

റൊണാൾഡോ യുവന്റസിലേക്ക് പോകുന്നത് അസാധ്യമാണെന്ന് മൂന്ന് വർഷങ്ങൾക്ക് മുൻപ് തനിക്ക് തോന്നിയെന്ന് പറയുന്ന വസ്ക്വസ് റൊണാൾഡോ ഇപ്പോൾ റയലിലേക്ക് മടങ്ങി വരുന്നത് അത്ര സങ്കീർണമായ കാര്യമല്ലെന്ന പക്ഷക്കാരനാണ്. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന റോണോ എവിടെയായാലും കുറച്ച് നാൾ കൂടി ഇതേ ഗോൾസ്കോറിംഗ് മികവ് തുടരുമെന്നും സംസാരത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു.

""റൊണാൾഡോയെ സ്വന്തമാക്കുന്നതിന് പണം ഒരു പ്രശ്നമാകാം. യുവന്റസ് അദ്ദേഹത്തെ സൗജന്യമായി വിൽക്കുമോ എന്നത് കണ്ടറിയണം. അവന് ഉയർന്ന ശമ്പളമുണ്ടെന്നതും മറന്ന് കൂടാ. റൊണാൾഡോയെ ടീമിലെത്തിക്കുന്നത് റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം ചിലവേറിയ പ്രവർത്തനമായിരിക്കും. നിലവിലെ സാഹചര്യത്തിൽ ഫുട്ബോളിൽ ചിലവേറിയ എന്തെങ്കിലും ചെയ്യുന്നത് അല്പം കുഴപ്പം പിടിച്ച കാര്യമാണ്. "

റാഫേൽ മാർട്ടിൻ വസ്ക്വസ്
facebooktwitterreddit