മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ റൊണാൾഡോ തന്നോട് പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തി താരത്തിന്റെ അമ്മ

ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ തീരുമാനിച്ചുറപ്പിച്ചിരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിന് അടുത്തെത്തിയ ശേഷമാണ് തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു പോയത്. ഒരു ഘട്ടത്തിൽ താരം സിറ്റിയുമായി വ്യക്തിഗത നിബന്ധനകൾ അംഗീകരിച്ചതായി പോലും റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും തീർത്തും അപ്രതീക്ഷിതമായി യുണൈറ്റഡ് താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.
ഇപ്പോളിതാ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകൾ നടക്കുന്ന സമയത്ത് തന്നെ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് പോവുകയെന്ന് റൊണാൾഡോ തന്നോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ മാതാവായ ഡോളോറസ് അവൈറോ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തന്റെ നീക്കം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ മാതാവിന്റെ ഈ വെളിപ്പെടുത്തൽ.
"അമ്മേ അവർ പറയുന്നതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട, കാരണം ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് പോകുന്നത്," റൊണാൾഡോ പറഞ്ഞ കാര്യം ഡോളോറസ് വ്യക്തമാക്കി.
Cristiano Ronaldo's chat with mother about possible Man City transferhttps://t.co/76mxVerH2A pic.twitter.com/fmTlLLEhxc
— Mirror Football (@MirrorFootball) September 22, 2021
താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് പോകുന്നതെന്ന് റൊണാൾഡോ പറഞ്ഞപ്പോൾ, അത് താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് മകനോട് പറഞ്ഞിരുന്നതായും ഡോളോറസ് വ്യക്തമാക്കി. 75000 ആളുകൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയം റൊണാൾഡോയുടെ പേര് പാടുന്നത് വലിയ വികാരമാണെന്നും എഡിഎൻ ഡി ലിയാവോ പോഡ്കാസ്റ്റിൽ സംസാരിക്കവെ അവർ കൂട്ടിച്ചേർത്തു.
അതേ സമയം തന്നെ സൂപ്പർ താരമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് 12 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ റൊണാൾഡോ 2 വർഷ കരാറിലാണ് അവരുമായി ഒപ്പുവെച്ചത്. തിരിച്ചു വരവിന് ശേഷം ക്ലബ്ബിനായി കളിച്ച മൂന്ന് മത്സരങ്ങളിൽ നാല് ഗോളുകൾ നേടി ഉജ്ജ്വല ഫോമിലാണ് റോണോ ഇപ്പോളുള്ളത്.