Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന ലക്ഷ്യം ലോകകപ്പ് നേടുന്നതാണെന്ന് പോർച്ചുഗീസ് പരിശീലക‌ൻ ഫെർണാണ്ടോ സാന്റോസ്

Gokul Manthara
TOPSHOT-FBL-EUR-NATIONS-SWE-POR
TOPSHOT-FBL-EUR-NATIONS-SWE-POR / JANERIK HENRIKSSON/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രധാന ലക്ഷ്യം 2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുന്നതും, അവിടെ പോർച്ചുഗലിനായി കപ്പുയർത്തുന്നതുമാണെന്ന് ദേശീയ ടീം പരിശീലകനായ ഫെർണാണ്ടോ സാന്റോസ്.‌ നിലവിൽ ക്രിസ്റ്റ്യാനോയുടെ ക്ലബ്ബ് കരിയറുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങൾ പുറത്ത് വരുന്നതിനിടെയാണ് താരത്തിന്റെ പ്രധാന ലക്ഷ്യം ലോകകപ്പ് നേടുന്നതാണെന്ന് സാന്റോസ് വെളിപ്പെടുത്തിയിരിക്കുന്നത്‌. താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങൾ ഒരു തരത്തിലും ദേശീയ ടീമിനെ ബാധിക്കരുതെന്നും ഇതിനൊപ്പം സാന്റോസ് ചൂ‌ണ്ടിക്കാട്ടി.

യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. താരത്തെ യുവന്റസ് വരും സമ്മറിൽ വിൽക്കുമെന്നും, തന്റെ പഴയ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് അദ്ദേഹം തിരിച്ചു‌ പോയേക്കുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ വന്നു. എന്നാൽ റോണോയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളും, ചർച്ചകളും പോർച്ചുഗീസ് ദേശീയ ടീമിനെ ബാധിക്കുമോയെന്ന ഭയം പോർച്ചുഗീസ് പരിശീലകൻ സാന്റോസിനുണ്ട്. ഇക്കാര്യങ്ങൾ ഒരു തരത്തിലും പോർച്ചുഗീസ് ടീമിനെ ബാധിക്കരുതെന്ന് ആഗ്രഹിക്കുന്ന സാന്റോസ് അതു കൊണ്ടു‌ തന്നെയാണ് ഇപ്പോൾ ഇത്തരമൊരു പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

""ക്രിസ്റ്റ്യാനോയ്ക്ക് ഒരു വലിയ സ്വപ്നമുണ്ട്. അത് എനിക്ക് അറിയാം. അടുത്ത ലോകകപ്പിൽ കളിക്കുക എന്നതും അതിൽ വിജയിക്കുക എന്നതുമാണത്. അതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ബാക്കിയെല്ലാ കാര്യ‌ങ്ങളേയും ദേശീയ ടീമിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ട്." "

ഫെർണാണ്ടോ സാന്റോസ്

അതേ‌ സമയം ഖത്തർ ലോകകപ്പിൽ പോർച്ചുഗീസ് ടീമിന്റെ പ്രധാന പ്രതീക്ഷയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 102 ഗോളുകളോടെ പോർച്ചുഗീസ് ദേശീയ ടീമിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായ റോണോയ്ക്ക് തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാനായാൽ ലോകകപ്പിൽ പോർച്ചുഗലിന് ഏറെ ദൂരം മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.

facebooktwitterreddit