Football in Malayalam

'ചാമ്പ്യന്മാർ ഒരിക്കലും പ്രയത്നം അവസാനിപ്പിക്കില്ല ; വൈകാരികമായ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Gokul Manthara
Juventus  v Spezia Calcio - Serie A
Juventus v Spezia Calcio - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

2020-21 സീസൺ ചാമ്പ്യൻസ് ലീഗിൽ യുവന്റസ്, ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ്ബ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന തരത്തിൽ വാർത്തകൾ ഉയരുന്നുണ്ട്‌. ത‌ന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് റോണോ തിരിച്ചു പോയേക്കുമെന്നും, റയൽ മാനേജ്മെന്റ് ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്ന് പോലും റിപ്പോർട്ടുകൾ വന്നു. എന്നാൽ തന്റെ ഭാവിയുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വരും മത്സരങ്ങളിൽ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താനെന്ന് യുവന്റസ് ആരാധകർക്ക് സന്ദേശം നൽകിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വരാനിരിക്കുന്ന മത്സരങ്ങളിൽ ക്ലബ്ബിനായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനാണ് ഇനി ശ്രദ്ധയെന്ന് റൊണാൾഡോ വ്യക്തമാക്കിയത്. യഥാർത്ഥ ചാമ്പ്യന്മാർ ഒരിക്കലും പ്രയത്നം അവസാനിപ്പില്ലെന്നും ഇതിനൊപ്പം റോണോ കുറിച്ചു.

നമ്മൾ എത്ര തവണ ജീവിതത്തിൽ വീണു എന്നതിനേക്കാൾ പ്രധാനം നമ്മൾ എത്ര വേഗം അതിനെ തരണം ചെയ്ത് തിരിച്ചെത്തി എന്നതാണെന്ന് റോണോ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥ ചാമ്പ്യന്മാർ തങ്ങളുടെ പ്രയത്നം അവസാനിപ്പിക്കില്ലെന്ന് പറയുന്ന റോണോ, ഭാവിയിൽ നടക്കാനിരിക്കുന്ന മത്സരങ്ങളിലാണ് ഇനി തങ്ങളുടെ ശ്രദ്ധയെന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. "ഫുട്ബോളിന് ഓർമ്മകളുണ്ട്. എനിക്കും. ചരിത്രം ഒരിക്കലും മായ്ച്ചു കളയാനാവില്ല. ഉയർത്തെഴുന്നേൽപ്പ്, ടീം സ്പിരിറ്റ്, നിരന്തര പരിശ്രമം, കഷ്ടപ്പാട് എന്നിവയിലൂടെയാണ് ചരിത്രം കുറിക്കാൻ കഴിയുന്നത്. ഇത് മനസിലാക്കാൻ കഴിയാത്തവർക്ക് ഒരിക്കലും വിജയങ്ങളും നേട്ടങ്ങളും സ്വന്തമാക്കാനാവില്ല." റോണോ കുറിച്ചു.

അതേ‌ സമയം റൊണാൾഡോയുമായി യാതൊരു പ്രശ്നവുമില്ലെന്നും, അദ്ദേഹത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നുമായിരുന്നു കാഗ്ലിയാരിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ യുവന്റസ് പരിശീലകൻ ആന്ദ്രെ പിർലോ വ്യക്തമാക്കിയത്‌. ഇത്തരം പുറത്താകലുകൾക്ക് ശേഷം കിംവദന്തികൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

""റൊണാൾഡോ സന്തുഷ്ടനാണ്.‌ കഴിഞ്ഞ രാത്രി ചാമ്പ്യൻസ് ലീഗിൽ സംഭവിച്ചതിൽ അദ്ദേഹം നിരാശനാകുന്നത് സ്വാഭാവികമാണ്. പുറത്താകലുകൾക്ക് ശേഷം കിവദന്തികൾ ഉണ്ടാകുന്നത് പതിവാണ്. നിലവിൽ ലിയോ മെസിക്കൊപ്പം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കളികാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾക്കായി എപ്പോളും മികച്ച പ്രകടനം നടത്തുന്ന റോണോ‌ 90ലധികം ഗോളുകളും ഇവിടെ നേടിക്കഴിഞ്ഞു.""

ആന്ദ്രെ പിർലോ
facebooktwitterreddit