Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ക്യാപ്റ്റൻ ആംബാൻഡ്‌ ആറു മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്ക് സഹായമാകും

Sreejith N
Serbia  v Portugal -World Cup Qualifier
Serbia v Portugal -World Cup Qualifier / Soccrates Images/Getty Images
facebooktwitterreddit

സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ റഫറി അനാവശ്യമായി നിഷേധിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗോൾ ലൈൻ കടന്നിട്ടും റഫറി അതനുവദിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ക്യാപ്റ്റൻ ആംബാൻഡ്‌ റൊണാൾഡോ വലിച്ചെറിഞ്ഞതിനെ നിരവധി പേർ ചോദ്യം ചെയ്യുകയുമുണ്ടായി.

എന്നാൽ ഗോൾ നിഷേധിച്ചതിന്റെ ദേഷ്യത്തിൽ റൊണാൾഡോ ആംബാൻഡ്‌ വലിച്ചെറിഞ്ഞത് മറ്റു തരത്തിൽ ഗുണം ചെയ്‌തുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റൊണാൾഡോ വലിച്ചെറിഞ്ഞ ആംബാൻഡ് ആറു മാസം പ്രായമുള്ള ഒരു കുട്ടിയുടെ ചികിത്സക്ക് വേണ്ടി‌ ഒരു ചാരിറ്റി ഗ്രൂപ്പ് ലേലത്തിന് വെക്കാനൊരുങ്ങുകയാണെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഗോൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ആംബാൻഡ്‌ ഊരിയെറിഞ്ഞ് കളിക്കളം വിട്ടിരുന്നു. ഇത് ലഭിച്ച ഒരു സ്റ്റേഡിയം വർക്കർ അത് ചാരിറ്റി ഗ്രൂപ്പിന് കൈമാറി. മൂന്നു ദിവസത്തിനുള്ളിൽ നട്ടെല്ലിലെ മസിലുകൾക്ക് വളർച്ചക്കുറവ് നേരിടുന്ന ആറു മാസം പ്രായമുള്ള ഗ്രാവിൽ ഗുർഡ്‌സേവിച്ച് എന്ന കുട്ടിയുടെ ചികിത്സക്കായി‌ പ്രസ്‌തുത ചാരിറ്റി ഗ്രൂപ്പ് ആംബാൻഡ്‌ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്.

റൊണാൾഡോയുടെ നിർണായക ഗോൾ നിഷേധിച്ചതിന് അന്നത്തെ മത്സരം നിയന്ത്രിച്ച റഫറി പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. അതേസമയം ആദ്യ ലോകകപ്പ് യോഗ്യത മത്സരത്തിൽ സെർബിയയുമായി സമനില വഴങ്ങിയ പോർച്ചുഗൽ ഇന്നലെ ലക്സംബർഗിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഡീഗോ ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോവാ പാലിന്യ എന്നിവരാണ് പോർചുഗലിനു വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്.

facebooktwitterreddit