Football in Malayalam

പി എസ് ജിയിലേക്കുള്ള മെസിയുടെ നീക്കം, റൊണാൾഡോയുടെ ഭാവിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബൊനൂച്ചി

By Gokul Manthara
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

യുവന്റസുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുന്ന പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്നും, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലേക്ക് താരം ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞയിടക്ക് ശക്തമായിരുന്നു. എന്നാൽ ബാഴ്സലോണ വിട്ട ലയണൽ മെസി പി എസ് ജിയുമായി കരാറിലെത്തിയതോടെ, ഫ്രഞ്ച് ക്ലബ്ബിലേക്ക് റൊണാൾഡോ ഇക്കുറിയെത്തില്ലെന്ന് ഉറപ്പായി. മെസി പി എസ് ജിയിലേക്ക് വന്നതോടെയാണ് അങ്ങോട്ടേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ സാധ്യതകൾ അവസാനിപ്പിച്ചതെന്ന് നിലവിൽ സംസാരമുയരുന്നുണ്ട്.

അതിനിടെ ഇപ്പോളിതാ റൊണാൾഡോ ഒരിക്കലും യുവന്റസിൽ നിന്ന് പോകാനുള്ള വഴി തേടിയിരുന്നില്ലെന്നും അത് കൊണ്ടു തന്നെ പി എസ് ജിയിലേക്കുള്ള മെസിയുടെ വരവ് റൊണാൾഡോയുടെ ഭാവിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസിൽ റോണോയുടെ സഹതാരമായ ലിയണാഡോ ബൊനൂച്ചി. പ്രശസ്ത ഇറ്റാലിയൻ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർടിനോട് സംസാരിക്കവെയായിരുന്നു യുവന്റസ് പ്രതിരോധത്തിന്റെ നട്ടെല്ലായ ബൊനൂച്ചി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

""മെസി പി എസ് ജിയിലേക്ക് പോയില്ലായിരുന്നുവെങ്കിലും റൊണാൾഡോ യുവന്റസിൽ തുടരുമായിരുന്നു‌വെന്ന് എനിക്ക് തോന്നുന്നു‌. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അധിക മൂല്യമാണ്. എനിക്കുറപ്പുണ്ട്, മുൻ വർഷങ്ങളേക്കാൾ കൂടുതൽ, ഈ വർഷം ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടാൻ അദ്ദേഹം (റൊണാൾഡോ) ഞങ്ങളെ സഹായിക്കും. " "

ലിയണാഡോ ബൊനൂച്ചി.

അതേ സമയം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിന് തുടക്കമായ സമയത്ത് റൊണാൾഡോ യുവന്റസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നുവെങ്കിലും അദ്ദേഹം ക്ലബ്ബിൽ തുടരുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. നേരത്തെ 2018 ൽ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്കെത്തിയ റൊണാൾഡോക്ക് ക്ലബ്ബിൽ മികച്ച റെക്കോർഡാണുള്ളത്. ഇക്കഴിഞ്ഞ മൂന്ന്‌ സീസണുകളായി യുവന്റസ് ജേഴ്സിയിൽ മൊത്തം 133 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ റോണോ, 101 ഗോളുകൾ നേടിയതിനൊപ്പം 22 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit