സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായെത്തുന്നതിൽ റൊണാൾഡോക്കും താല്പര്യം,ക്ലബ്ബിനെ ഇക്കാര്യം നേരത്തെ അറിയിച്ചു

സമീപകാലത്തെ ദയനീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ഒലെ ഗുണ്ണാർ സോൾഷ്യറെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുമെന്ന സൂചനകൾ ശക്തമാണ്. മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ സോൾഷ്യറിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതിനിടെ ഇപ്പോളിതാ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായെത്തുന്നതിനെ ക്ലബ്ബിലെ സീനിയർ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ അനുകൂലിക്കുന്നുണ്ടെന്നും ഇക്കാര്യം അദ്ദേഹം നേരത്തെ തന്നെ ക്ലബ്ബിനെ അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. മുൻപ് റയൽ മാഡ്രിഡിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന റൊണാൾഡോയും സിദാനും തമ്മിൽ മികച്ച ബന്ധമാണുള്ളത്. സ്പാനിഷ് ക്ലബ്ബിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികളും ഇരുവരും നേടിയിരുന്നു.
സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായെത്തിയാൽ ക്ലബ്ബിന്റെ തലവര മാറുമെന്നും അദ്ദേഹത്തിന് കീഴിൽ റയലിനുണ്ടായിരുന്നത് പോലെയുള്ള വിജയകരമായ ഒരു സ്പെൽ ഇംഗ്ലീഷ് ക്ലബ്ബിന് ലഭിക്കുമെന്നും റൊണാൾഡോ കരുതുന്നതായും അതിനാലാണ് സിദാൻ ക്ലബ്ബിലേക്ക് വരുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നതെന്നുമാണ് കരുതപ്പെടുന്നത്.
Cristiano Ronaldo has already made Zinedine Zidane stance clear amid Man Utd 'approach'https://t.co/q0bYjerhUz pic.twitter.com/Yq3CdN5TiS
— Mirror Football (@MirrorFootball) November 14, 2021
സിദാൻ തന്റെ ടീമിലെ കളിക്കാർക്ക് പകർന്ന് നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ച് 2019ൽ വാചാലനായ റൊണാൾഡോ, അദ്ദേഹം തന്നെ വളരെയധികം സഹായിച്ചതായും അന്ന് പറഞ്ഞിരുന്നു. മുൻപ് തൊട്ടേ അദ്ദേഹത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടായിരുന്നുവെന്നും എന്നാൽ ഒപ്പം പ്രവർത്തിച്ചത് അദ്ദേഹത്തോടുള്ള ആരാധന വർധിക്കാൻ കാരണമായതായും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സിദാനോട് വളരെയധികം ബഹുമാനവും ആരാധനയും അടുപ്പവുമുള്ള റൊണാൾഡോ അദ്ദേഹത്തിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരു ആശ്ചര്യവും പ്രകടിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ ഈ വർഷം മാത്രം റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ സിദാൻ, ഉടനടി മറ്റൊരു ക്ലബ്ബിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാകുമോ എന്നത് കണ്ടറിയണം. പ്രത്യേകിച്ചും ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാനാണ് അദ്ദേഹം പ്രധാനമായും താല്പര്യപ്പെടുന്നതെന്ന് വാർത്തകൾ വരുന്നതിനിടക്ക്.