മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിക്കാൻ എറിക് ടെൻ ഹാഗിന് ആശംസകൾ നേർന്ന് റൊണാൾഡോ

Ronaldo Wishes Ten Hag Success At Man Utd
Ronaldo Wishes Ten Hag Success At Man Utd / Bryn Lennon/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം അടുത്ത സീസൺ മുതൽ ഏറ്റെടുക്കാൻ പോകുന്ന എറിക് ടെൻ ഹാഗിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള ആശംസകൾ നേർന്ന് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വന്തം രീതിയിലേക്ക് മാറ്റങ്ങൾ വരുത്താൻ ഡച്ച് പരിശീലകന് സമയം ആവശ്യമായി വരുമെന്നും റൊണാൾഡോ പറഞ്ഞു.

താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്കിനു പകരം നിലവിൽ അയാക്‌സ് മാനേജരായ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. അദ്ദേഹത്തെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ കൂടെ ടെൻ ഹാഗ് അയാക്‌സിനൊപ്പം ഉണ്ടാക്കിയ നേട്ടങ്ങളെ കുറിച്ചും റൊണാൾഡോ പരാമർശിച്ചു.

"ടെൻ ഹാഗ് അയാക്‌സിനൊപ്പം വളരെ മികച്ചൊരു ജോലി ചെയ്‌തു എന്നതാണ് എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയാവുന്ന കാര്യം. എന്നാൽ കാര്യങ്ങൾ അദ്ദേഹത്തിന് ചേരുന്നതു പോലെ മാറ്റിയെടുക്കണം, അതിനു ഞങ്ങൾ സമയം നൽകണം." റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ പറഞ്ഞു.

"ഞങ്ങൾക്ക് വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തീർച്ചയായും നിങ്ങൾ വിജയിച്ചാൽ മാഞ്ചസ്റ്ററിൽ മുഴുവനും വിജയമുണ്ടാകും. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും. ഞങ്ങൾ സന്തോഷത്തോടെയും ആവേശത്തോടെയുമാണുള്ളത്, കളിക്കാരായി മാത്രമല്ല, പിന്തുണ നൽകുന്നവർ കൂടിയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു, അടുത്ത സീസണിൽ കിരീടങ്ങൾ നേടുമെന്നും കരുതുന്നു."

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ വർഷങ്ങളായി കിരീടമൊന്നുമില്ലാത്ത ഒരു ടീമിനെ അതിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ടെൻ ഹാഗിനു മുന്നിലുള്ളത്. അയാക്‌സിനൊപ്പം നാല് വർഷത്തിൽ മൂന്ന് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന് അതിനു കഴിയുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.