Premier League

സീസണിൽ രണ്ടാം തവണയും 'പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി മന്ത്' പുരസ്‌കാരം നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Cristiano Ronaldo Wins Premier League's Player Of The Month April 2022
Cristiano Ronaldo Wins Premier League's Player Of The Month April 2022 / PAUL ELLIS/GettyImages
facebooktwitterreddit

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെങ്കിലും ടീമിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവിടെയും വേറിട്ടു നിന്നിരുന്നു. പ്രീമിയർ ലീഗിൽ പതിനെട്ടു ഗോളുകളുമായി ടോപ് സ്‌കോറർ പട്ടികയിൽ നിൽക്കുന്ന താരം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം നേടിയത് ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ചു ഗോളുകളാണ്.

ഏപ്രിൽ മാസത്തിൽ സമ്മിശ്രമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയതെങ്കിലും റൊണാൾഡോക്ക് അതൊന്നും ബാധകമായിരുന്നില്ല. നാല് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ താരം അതിന്റെ പിൻബലത്തിൽ പ്രീമിയർ ലീഗിൽ ഏപ്രിൽ മാസത്തിലെ ഏറ്റവും മികച്ച താരമായി ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. സീസണിൽ രണ്ടാം തവണയാണ് റൊണാൾഡോ ഈ പുരസ്‌കാരം നേടുന്നത്.

നോർവിച്ച് സിറ്റിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്ത ഹാട്രിക്ക് പ്രകടനത്തിനു പുറമെ ആഴ്‌സണലിനെതിരെ തോൽവി വഴങ്ങിയ മത്സരത്തിൽ നേടിയ ആശ്വാസഗോൾ, ചെൽസിക്കെതിരെ സമനില നേടിയെടുത്ത ഗോൾ എന്നിവയാണ് റൊണാൾഡോ ഏപ്രിൽ മാസത്തിൽ നേടിയത്. ആഴ്‌സണലിനെതിരെ നേടിയത് റൊണാൾഡോയുടെ നൂറാമത്തെ പ്രീമിയർ ലീഗ് ഗോൾ കൂടിയായിരുന്നു.

ഏപ്രിൽ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ എല്ലാ ഗോളുകളും റൊണാൾഡോയുടെ വകയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മുപ്പത്തിയേഴു വയസായ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് എത്രത്തോളം അവിഭാജ്യ ഘടകമാണെന്ന് ഇതു തെളിയിക്കുന്നു. ഈ പ്രായത്തിൽ സെപ്‌തംബർ, ഏപ്രിൽ മാസങ്ങളിലെ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദി മന്ത് പുരസ്‌കാരം നേടാൻ കഴിഞ്ഞതും ചെറിയ കാര്യമല്ല.

ഈ പുരസ്‌കാരവും ചേർത്ത് തുടർച്ചയായി ആറാം തവണയാണ് റൊണാൾഡോ പ്രീമിയർ ലീഗ് പ്ലേയർ ഓഫ് ദി മന്ത് നേടുന്നത്. ഇതോടെ പുരസ്‌കാരനേട്ടങ്ങളുടെ എണ്ണത്തിൽ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിന് ഒപ്പമെത്തിയ റൊണാൾഡോക്കു മുന്നിൽ സെർജിയോ അഗ്യൂറോ, ഹാരി കേൻ എന്നിവർ മാത്രമേയുള്ളൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit