മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് റൊണാൾഡോ, സഹതാരങ്ങളുടെ പുരസ്കാരം ഡി ഗിയക്ക്


സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനുള്ള സർ മാറ്റ് ബസ്ബി പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ആരാധകർ വോട്ടു ചെയ്തു തിരഞ്ഞെടുക്കുന്ന ഈ പുരസ്കാരം റൊണാൾഡോക്ക് ലഭിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങൾ വോട്ടു ചെയ്യുന്ന പ്ലെയേഴ്സ് പ്ലേയർ ഓഫ് ദി സീസൺ പുരസ്കാരം ഡി ഗിയക്കാണ് ലഭിച്ചത്.
കഴിഞ്ഞ സമ്മറിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് ക്ലബിനു വേണ്ടി നടത്തിയത്. പ്രീമിയർ ലീഗിലെ പതിനെട്ടു ഗോളുകൾ അടക്കം ഇരുപത്തിനാലു ഗോളുകൾ ഈ സീസണിൽ നേടിയ താരം തനിക്കു ടീം നൽകിയ ഉത്തരവാദിത്വം ഭംഗിയായി നിര്വഹിക്കുകയുണ്ടായി.
Cristiano Ronaldo has been named Manchester United's Player of the Year 🏆 pic.twitter.com/aKyorWGdDF
— GOAL (@goal) June 4, 2022
ലോകത്തെമ്പാടുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാണ് സർ മാറ്റ് ബസ്ബി അവാർഡിനായി വോട്ടു ചെയ്യുന്നത്. ആകെ നേടിയ വോട്ടിൽ അറുപതു ശതമാനത്തോളം നേടിയാണ് റൊണാൾഡോ പുരസ്കാരം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഗിയ 29 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടു ശതമാനത്തോളം വോട്ടുകൾ നേടി ഫ്രഡ് മൂന്നാം സ്ഥാനത്തെത്തി.
ഇതു നാലാമത്തെ തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോ തിരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ നാല് തവണ ഈ പുരസ്കാരം സ്വന്തമാക്കിയ ഡി ഗിയക്കൊപ്പമെത്താൻ റൊണാൾഡോക്ക് കഴിഞ്ഞു. ഇതിനു പുറമെ പിഎഫ്എ പ്ലയെർ ഓഫ് ദി സീസൺ അവാർഡിനും റൊണാൾഡോ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തിരഞ്ഞെടുക്കുന്ന 2021-22 സീസണിലെ പ്ലേയർ ഓഫ് ദി സീസൺ അവാർഡ് ഡി ഗിയയാണ് സ്വന്തമാക്കിയത്. നാലാം തവണയാണ് സ്പാനിഷ് ഗോൾകീപ്പറെ ഈ പുരസ്കാരം തേടിയെത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.