തന്റെ പ്രൊഫെഷണലിസത്തെ ചോദ്യം ചെയ്യുന്ന അഭ്യൂഹങ്ങളിൽ റൊണാൾഡോ തൃപ്‌തനല്ല
By Sreejith N

തന്റെ പ്രൊഫെഷണലിസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അഭ്യൂഹങ്ങളിൽ റൊണാൾഡോ ഒട്ടും സംതൃപ്‌തനല്ലെന്നു റിപ്പോർട്ടുകൾ. കുടുംബപരമായ കാരണങ്ങൾ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലനത്തിനായി ചേരാത്ത റൊണാൾഡോ ക്ലബിന്റെ പ്രീ സീസൺ ടൂറിനുള്ള സ്‌ക്വാഡിൽ നിന്നും പുറത്തു പോയിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ റൊണാൾഡോ തൃപ്‌തനല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ റൊണാൾഡോ ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന വാർത്തകൾക്കു പിന്നാലെയാണ് താരം ടീമിന്റെ പരിശീലനക്യാമ്പിൽ എത്താതിരുന്നത്. ഇതിനു പിന്നാലെ പ്രീ സീസൺ ടൂറിനുള്ള മുപ്പത്തിയൊന്നംഗ സ്‌ക്വാഡിൽ നിന്നും താരം ഒഴിവാക്കപ്പെട്ടു. കുടുംബപരമായ കാരണങ്ങൾ കൊണ്ട് ടീമിനൊപ്പം ചേരാതിരിക്കാൻ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവാദം നൽകുകയും ചെയ്‌തിരുന്നു.
നിലവിൽ പോർചുഗലിലെ ലിസ്ബണിൽ പങ്കാളിയായ ജോർജിനോ റോഡ്രിഗസിനും കുട്ടികൾക്കുമൊപ്പമാണ് റൊണാൾഡൊയുള്ളത്. തനിക്ക് കൂടുതൽ അവധിദിവസങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ അനുവദിച്ചു എന്നിരിക്കെ പരിശീലനത്തിൽ നിന്നും റൊണാൾഡോ സ്വയം ഒഴിവായതാണെന്നും ടീമിനൊപ്പം ചേരാൻ വിസമ്മതിച്ചുവെന്നുമുള്ള റിപ്പോർട്ടുകളിൽ താരം ഒട്ടും തൃപ്‌തനല്ലെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് തായ്‌ലാൻഡിലും ഓസ്‌ട്രേലിയയിലും വെച്ചു നടക്കുന്ന പ്രീ സീസൺ ടൂറിൽ റൊണാൾഡോ ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയത്. കുടുംബപരമായ കാരണങ്ങൾ കൊണ്ട് താരത്തിന് കൂടുതൽ സമയം നൽകുന്നു എന്നും ക്ലബുമായി ഒരു വർഷത്തേക്കു കൂടി കരാറുള്ള താരത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.
റൊണാൾഡോയെ വിൽക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും താരം ക്ലബിനൊപ്പം വരുന്ന സീസണിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ ചെൽസി, ബാഴ്‌സലോണ, നാപ്പോളി, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകൾക്കാണ് റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.