Football in Malayalam

യുവന്റസ് ആരാധകരോട് റൊണാൾഡോ മാപ്പ് പറയണമെന്ന് ക്ലബിന്റെ മുൻ താരം അലെസിയോ ടക്കിനാർഡി

By Gokul Manthara
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Jonathan Moscrop/Getty Images
facebooktwitterreddit

യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ടീമിലെ സൂപ്പർ താരമായ റൊണാൾഡോക്കെതിരെ ഉയർന്ന് കൊണ്ടിരിക്കുന്നത്.‌ ക്ലബ്ബിന്റെ മോശം പ്രകടനത്തിലും, ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യുവന്റസിന്റെ മുൻ താരം കൂടിയായിരുന്ന അലെസിയോ ടക്കിനാർഡി. കഴിഞ്ഞ ദിവസം ടി എം ഡബ്ല്യു റേഡിയോയോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ലാസിയോക്കെതിരെ കഴിഞ്ഞയാഴ്ച നടന്ന സീരി എ മത്സരത്തിൽ വിശ്രമം ലഭിച്ചിട്ടും, പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോക്ക് തിളങ്ങാൻ കഴിഞ്ഞില്ലെന്ന് കുറ്റപ്പെടുത്തുന്ന‌ ടക്കിനാർഡി, അദ്ദേഹം ഈ മത്സരത്തിൽ എന്ത്‌ ചെയ്യുകയായിരുന്നുവെന്നും ചോദിക്കുന്നു. ചിയേസ ഈ മത്സരത്തിന് ശേഷം ടിവിയിൽ സംസാരിക്കാനെത്തിയെന്നും, എന്നാൽ റൊണാൾഡോ വരുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചതെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്റ്റ്യാനോ റൊണാൾഡോ
യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട് / Jonathan Moscrop/Getty Images

""കഴിഞ്ഞയാഴ്ച ലാസിയോക്കെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോക്ക്‌ വിശ്രമം അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ പോർട്ടോക്കെതിരെ അദ്ദേഹം എന്താണ് ചെയ്തത്? പോർട്ടോക്കെതിരായ മത്സരശേഷം ഫെഡറിക്കോ ചിയേസ ടിവിയിൽ സംസാരിക്കാൻ എത്തി. എന്നാൽ റൊണാൾഡോ ഈ‌ സ്ഥാനത്ത് വരുമെന്നായിരുന്നു ഞാൻ കരുതിയത്. അദ്ദേഹം ആരാധകരോട് മാപ്പു പറയേണ്ടതുണ്ട്." "

അലെസിയോ ടക്കിനാർഡി.

അതേ സമയം യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായതിന് പിന്നാലെ റൊണാൾഡോ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിട്ടുണ്ട്‌. തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് അദ്ദേഹം തിരിച്ചു പോയേക്കുമെന്നതാണ്‌ ഉയരുന്ന അഭ്യൂഹങ്ങളിൽ ഏറ്റവും ശ്രദ്ധേയം.

facebooktwitterreddit