ക്രിസ്റ്റ്യാനോ റൊണാൾഡോ അമേരിക്കയിൽ കളിക്കാൻ സാധ്യത? പോർച്ചുഗീസ് നായകൻ മുൻപ് പറഞ്ഞ കാര്യം വെളിപ്പെടുത്തി നാനി

താൻ ഭാവിയിൽ അമേരിക്കയിൽ കളിച്ചേക്കുമെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻപ് സൂചിപ്പിച്ചിരുന്നതായി ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന നാനിയുടെ വെളിപ്പെടുത്തൽ. റൊണാൾഡോയുടെ ഭാവിയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം ഭാവിയിൽ അമേരിക്കയിൽ കളിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്ത് വിട്ട് നാനി രംഗത്തെത്തിയിരിക്കുന്നത്.
""താൻ അമേരിക്കയിൽ കളിച്ചേക്കുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നോട് പറഞ്ഞു. എന്നാൽ അക്കാര്യത്തിൽ അദ്ദേഹത്തിന് 100 ശതമാനം ഉറപ്പില്ല. എന്നാൽ അത് സംഭവിക്കാനുള്ള സാധ്യതകളുണ്ട്." "
- നാനി
"ഇതൊരു മികച്ച ലീഗാണ്, തീർച്ചയായും, കളികാരുടെ നിലവാരമുൾപ്പെടെ ഇവിടെ ഇനിയും മെച്ചപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ മികച്ച കളികാരും, പരിശീലകരും ഉൾപ്പെടുന്ന, സംഘടിതമായ ചില മികച്ച ടീമുകളും ഇവിടെയുണ്ട്. ഓരോ സീസണിന് ശേഷവും കാര്യങ്ങൾ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ഇവിടെ കാണാം. ഒരു മികച്ച ചാമ്പ്യൻഷിപ്പാകാനുള്ള എല്ലാ കാര്യങ്ങളും ഇവിടെയുണ്ട്. മികച്ചൊരു രാജ്യത്തുമാണ് ഞങ്ങളുള്ളത്." ഇ എസ് പി എന്നിന് നൽകിയ അഭിമുഖത്തിനിടെ അമേരിക്കയിലെ മേജർ ലീഗ് സോക്കറിനെക്കുറിച്ച് ഒർലാൻഡോ സിറ്റിയുടെ താരമായ നാനി പറഞ്ഞു.
അതേ സമയം യുവന്റസുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കി നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കുറി ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. പി എസ് ജിയുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് നേരത്തെ പറഞ്ഞു കേട്ടിരുന്നെങ്കിലും മെസി അവിടെയെത്തിയതോടെ ഈ നീക്കത്തിനുള്ള സാധ്യത അവസാനിച്ചു. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം റൊണാൾഡോ ഈ സീസണിലും യുവന്റസിൽ തന്നെയാകും കളിക്കുക. ക്ലബ്ബ് അധികൃതരും ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.