Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോയെന്നതിൽ തീരുമാനമെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

Sreejith N
Ronaldo Decided To Stay With Manchester United
Ronaldo Decided To Stay With Manchester United / PAUL ELLIS/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മികച്ച സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതിനാൽ ഈ സീസണു ശേഷം റൊണാൾഡോ ക്ലബിനൊപ്പം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശങ്കകൾ നിലനിന്നിരുന്നു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് ഫോർ പ്രതീക്ഷകൾ കുറവായതു കൊണ്ടു തന്നെ റൊണാൾഡോ ക്ലബ് വിടാനുള്ള സാധ്യതകൾ കൂടുതലാണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ സാഹചര്യങ്ങളൊന്നും റൊണാൾഡോ അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുന്നതിൽ നിന്നും തടയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും ചുരുങ്ങിയത് ഒരു സീസൺ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടരാനാണ് പോർച്ചുഗീസ് സൂപ്പർതാരം തീരുമാനിച്ചിരിക്കുന്നത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിൽ സ്ഥിരത കുറവാണെങ്കിലും അടുത്ത സമ്മറിൽ നല്ലൊരു പരിശീലകനും ഏതാനും മികച്ച താരങ്ങളും എത്തിയാൽ ക്ലബിന് എല്ലാ കിരീടങ്ങൾക്കു വേണ്ടിയും പൊരുതാൻ കഴിയുമെന്നാണ് റൊണാൾഡോ പ്രതീക്ഷിക്കുന്നത്. അടുത്ത സീസണിലെ ടീമിന്റെ പ്രകടനം വിലയിരുത്തി 2023ൽ അവസാനിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കുന്ന കാര്യത്തിൽ റൊണാൾഡോ തീരുമാനമെടുക്കും.

ദി ടെലെഗ്രാഫിന്റെ തന്നെ റിപ്പോർട്ടുകൾ പ്രകാരം അയാക്‌സ് പരിശീലകൻ എറിക് ടെൻ ഹാഗാണ് അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ മുന്നിൽ നിൽക്കുന്നത്. നേരത്തെ പോച്ചട്ടിനോയെയാണ് പരിശീലകനായി പ്രധാനമായും പരിഗണിച്ചിരുന്നതെങ്കിലും ഇപ്പോഴതിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുപ്പത്തിയേഴാം വയസിലും മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ നടത്തുന്നത്. പ്രീമിയർ ലീഗിൽ ടോപ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള റൊണാൾഡോ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങൾക്കായുള്ള പോർച്ചുഗീസ് ടീമിനൊപ്പം ചേരാനിരിക്കയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit