Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ ടൂറിനൊപ്പം ചേരില്ല

Sreejith N
Ronaldo Wont Fly To Man Utd Pre Season Trip
Ronaldo Wont Fly To Man Utd Pre Season Trip / Bryn Lennon/GettyImages
facebooktwitterreddit

പ്രീ സീസൺ ടൂറിനായി ബാങ്കോക്കിലേക്ക് പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം റൊണാൾഡോ ചേരില്ല. ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനെ തുടർന്നാണ് താരം പ്രീ സീസൺ ടൂറിനൊപ്പം ചേരാത്തതെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മുപ്പത്തിയേഴു വയസുള്ള താരം ക്ലബ് വിടുമെന്ന കാര്യം ഇതോടെ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പ്രീ സീസണു മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ റൊണാൾഡോ ടീമിനൊപ്പം ചേർന്നിട്ടില്ല. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് താരം പരിശീലനത്തിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നാണു മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. തായ്‌ലൻഡിലും ഓസ്‌ട്രേലിയയിലുമുള്ള പ്രീ സീസൺ ടൂർ താരം പൂർണമായും ഒഴിവാക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

റിപ്പോർട്ടുകൾ പ്രകാരം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടിയാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്നത്. ക്ലബ് വിടാനുള്ള താൽപര്യം റൊണാൾഡോ നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. താരത്തെ വിട്ടു കൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ലെങ്കിലും റൊണാൾഡോയുടെ ആഗ്രഹത്തിന് അവർ എതിരെ നിൽക്കാനും സാധ്യതയില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയാണെങ്കിൽ നിരവധി ക്ലബുകൾ റൊണാൾഡോയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ചെൽസിക്കാണ് താരത്തിൽ കൂടുതൽ താൽപര്യമെങ്കിലും പ്രീമിയർ ലീഗിൽ തന്നെയുള്ള ഒരു ടീമിനു താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല. നാപ്പോളി, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ടീമുകൾക്കും റൊണാൾഡോയിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit