മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. നിലവിൽ പ്രീ സീസൺ പര്യടനം നടത്തുന്ന ടീമിനൊപ്പം ഇതുവരെ ചേർന്നിട്ടില്ലാത്ത റൊണാൾഡോക്ക് ബ്രൈറ്റനെതിരെ ഓഗസ്റ്റ് ഏഴിന് നടക്കുന്ന മത്സരം നഷ്ടമാകുമെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മറിൽ വിടണമെന്ന് റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതാണ് താരത്തിന്റെ ആഗ്രഹത്തിനു പിന്നിലെ കാരണം. ക്ലബ് വിടുന്നതിനു സമ്മർദ്ദം ചെലുത്തുന്നതിനാണ് താരം പ്രീ സീസണിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും സൂചനകളുണ്ട്.
പ്രീ സീസണിൽ ടീമിനൊപ്പം ചേരാതിരുന്ന റൊണാൾഡോ എപ്പോഴാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തുകയെന്ന് ഇനിയും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമാവുക. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയ സാഞ്ചോ, റാഷ്ഫോഡ്, മാർഷ്യൽ സഖ്യമാകും ആദ്യ മത്സരത്തിൽ ഇറങ്ങുക.
റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താരത്തെ വിട്ടുകൊടുക്കാൻ യാതൊരു പദ്ധതിയുമില്ല. താരം അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ ഉണ്ടെന്ന് ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ റൊണാൾഡോ അടുത്ത സീസണിൽ ക്ലബിൽ ഉണ്ടാകുമോ അതോ ടീം വിടുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.