Football in Malayalam

ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞതിനു ശേഷം അതു തട്ടിക്കളഞ്ഞ് റൊണാൾഡോ, വിമർശനവുമായി ആരാധകർ

Sreejith N
Belgium v Portugal - UEFA Euro 2020: Round of 16
Belgium v Portugal - UEFA Euro 2020: Round of 16 / Thanassis Stavrakis - Pool/Getty Images
facebooktwitterreddit

നല്ല രീതിയിൽ പൊരുതിയിട്ടും ബെൽജിയത്തിനെതിരായ യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ തോൽവിയേറ്റു വാങ്ങാനായിരുന്നു പോർച്ചുഗലിന്റെ വിധി. റൊണാൾഡോയാടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്നതാണ് നിലവിലെ യൂറോ ചാമ്പ്യന്മാരും ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമുമായ പോർച്ചുഗലിന് തിരിച്ചടിയായത്.

മത്സരത്തിലുടനീളം താനടക്കമുള്ള താരങ്ങൾ നടത്തിയ പ്രയത്നം പാഴായിപ്പോയതിന്റെ നിരാശ ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കുണ്ടായിരുന്നു. തോർഗൻ ഹസാർഡ് നേടിയ ഒരേയൊരു ഗോളിൽ പോർച്ചുഗൽ തോൽവി വഴങ്ങിയ മത്സരത്തിനു ശേഷം താരം അത് പ്രകടിപ്പിച്ച രീതി ആരാധകർക്കിടയിൽ നിന്നും വിമർശനങ്ങളേറ്റു വാങ്ങുകയാണിപ്പോൾ.

മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ തന്നെ ക്യാപ്റ്റൻ ആംബാൻഡ്‌ മൈതാനത്ത് വലിച്ചെറിഞ്ഞു നിരാശയോടെ മൈതാനത്തു മുട്ടുകുത്തിയിരുന്ന റൊണാൾഡോ അതിനു ശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുമ്പോൾ വീണ്ടും ആംബാൻഡ്‌ നിലത്തിടുകയും അതിനെ തട്ടിക്കളയുകയും ചെയ്‌തു. റൊണാൾഡോ നിലത്തിട്ട ആംബാൻഡ്‌ താരത്തെ ഡ്രസിങ് റൂമിലേക്ക് അനുഗമിച്ച ടീം സ്റ്റാഫാണ് നിലത്തു നിന്നുമെടുത്ത് കൈവശം വെച്ചത്.

ഒരു നായകനെന്ന നിലയിൽ പോർച്ചുഗൽ ടീമിനെ റൊണാൾഡോ നല്ല രീതിയിൽ നയിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഇത്തരം പ്രവൃത്തികൾ ഒട്ടും മാതൃകാപരമല്ലെന്നാണ് ആരാധകർ ഇതിനു ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. ഇതിനു മുൻപ് സെർബിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അടിച്ച ഗോൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും റൊണാൾഡോ ക്യാപ്റ്റൻ ആംബാൻഡ്‌ ഊരിയെറിഞ്ഞ് പ്രതിഷേധിച്ചതും ഏറെ വിവാദമായിരുന്നു.

facebooktwitterreddit