Football in Malayalam

യുവന്റസ് തന്റെ തലത്തിൽ അല്ലെന്ന് റൊണാൾഡോ കരുതുന്നതായി താരത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ട്

Gokul Manthara
Juventus v FC Porto  - UEFA Champions League Round Of 16 Leg Two
Juventus v FC Porto - UEFA Champions League Round Of 16 Leg Two / Valerio Pennicino/Getty Images
facebooktwitterreddit

യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്താതെ പുറത്തായതോടെയാണ്‌ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബിലെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങൾ കൂടുതൽ ശക്തിയാർജിച്ചത്. ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ ഇക്കുറിയും റോണോക്ക് കഴിയില്ലെന്ന് ഉറപ്പായതോടെ അദ്ദേഹത്തെ യുവന്റസ് വിറ്റേക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. താരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് തിരിച്ചു പോകുമെന്ന് പോലും റിപ്പോർട്ടുകൾ വന്നു.

ഇപ്പോളിതാ വരുന്ന സമ്മറിൽ റൊണാൾഡോ യുവന്റസ് വിടാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ടൻക്രെഡി പൽമെറി. പോർച്ചുഗീസ് സൂപ്പർ താരം അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസിൽ നിന്ന് പോകുമെന്ന് കരുതുന്ന പൽമെറി, യുവന്റസ് തന്റെ തലത്തിലല്ലെന്ന് റൊണാൾഡോ കരുതുന്നതായി താരത്തിനോട് അടുത്തു നിൽക്കുന്നവർ പറഞ്ഞതായും പറയുന്നു.

അതേ സമയം യുവന്റസ് വിടാൻ തീരുമാനിച്ചാലും തകർപ്പൻ ഓഫർ നൽകി റോണോയെ സ്വന്തമാക്കാൻ പല വമ്പൻ ക്ലബ്ബുകളും രംഗത്തുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അറേബ്യൻ ലീഗുകളിൽ നിന്നും, മേജർ ലീഗ് സോക്കർ ക്ലബ്ബുകളിൽ നിന്നും താരത്തിന് തകർപ്പൻ ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏതിലെങ്കിലും തുടരാനാണ് റോണോ ആഗ്രഹിക്കുന്നതെന്നാണ് സൂചന.

പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും തകർപ്പൻ ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്. 2020-21 സീസൺ സീരി എ യിൽ ഇതിനോടകം 23 ഗോളുകൾ നേടിക്കഴിഞ്ഞ റോണോ നിലവിൽ ലീഗിലെ ടോപ് സ്കോററാണ്. സീസണിൽ മൊത്തത്തിൽ 33 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ താരം 30 ഗോളുകൾ നേടിയതിനൊപ്പം 4 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit